പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.

MTV News 0
Share:
MTV News Kerala

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പുരോഗമിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
കോഴിക്കോട് കല്ലായിയില്‍ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ ലോറിയുടെ ഫ്രണ്ട് ഗ്ലാസ് തകര്‍ന്നു. ഫറോക്ക് കെഎസ്ആര്‍ടിസി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ആലുവയിലും കെ എസ് ആര്‍ ടി സി ബസ്സിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മൂവാറ്റുപുഴ പകലോമറ്റത്തും കല്ലെറിഞ്ഞു. ആലുവയില്‍ നിന്നും പെരുമ്പാവൂരിലേക്ക് പോയ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.

ആലപ്പുഴ വളഞ്ഞവഴിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പൊലീസിന്റെ കണ്ണില്‍ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപ്പെട്ടത്.
പന്തളത്ത് KSRTC ബസിന് നേരെ കല്ലേറ്. പന്തളം KSRTC സ്റ്റാന്റില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. കല്ലേറില്‍ ബസിന്റ ഫ്രണ്ട് ഗ്ലാസ് തകര്‍ന്നു. കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് സാരമായി പരുക്കേറ്റു. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓര്‍ഡിനറി ബസിന് നേരേയാണ് കല്ലേറ് നടന്നത്.
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. പിറകിലെ ചില്ല് തകര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് കല്ലെറിഞ്ഞ് തകര്‍ത്തു.

ആലുവയില്‍ ഇതുവരെ മൂന്നിടത്ത് കല്ലേറുണ്ടായി. ആലുവ ഗ്യാരേജ്, മാറമ്പിള്ളി, പകലോമറ്റം എന്നിവിടങ്ങളിലാണ് കല്ലെറിഞ്ഞത്. വയനാട് പനമരം ആറാം മൈല്‍ മുക്കത്ത് ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി.