ലീഗ്‌ അധിക്ഷേപം: പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ പാണക്കാട്ടേക്ക്‌

MTV News 0
Share:
MTV News Kerala

മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപത്തിനെതിരെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രതിഷേധം ശക്തമാക്കുന്നു. സമസ്‌തയുടെ പ്രതിഷേധം നേതാക്കൾ വെള്ളിയാഴ്‌ച ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ കണ്ട്‌ അറിയിക്കും. മുശാവറ അംഗങ്ങളായ പി പി ഉമർ മുസ്ല്യാർ കോയ്യോട്‌, ഉമ്മർ ഫൈസി മുക്കം, എം ടി അബ്ദുള്ള മുസ്ല്യാർ, എ വി അബ്ദുറഹ്മാൻ മുസ്ല്യാർ എന്നിവരടങ്ങിയ നേതൃസംഘമാണ്‌ സാദിഖലിയെ കാണുക.
മലപ്പുറത്തെ പാണക്കാട്ടെ വീട്ടിലെത്തിയാണ്‌ സാദിഖലിയെ കാണുക. ചൊവ്വാഴ്‌ച ചേർന്ന മുശാവറ യോഗ തീരുമാനത്തിന്റെ തുടറച്ചയായാണിത്‌. പി എം എ സലാം പ്രസിഡന്റ്‌ ജിഫ്രിതങ്ങളയും സമസ്‌തയെയും അപമാനിച്ചുവെന്ന വികാരമാണ്‌ മുശാവറയിൽ ഉയർന്നത്‌. സലാമിനെ ന്യായീകരിച്ചുള്ള സാദിഖലി തങ്ങളുടെ വാദങ്ങൾ സമസ്‌ത തള്ളുന്നതായി വ്യക്തമാക്കുന്നതാണ്‌ സാദിഖലിയെ കാണാനുള്ള തീരുമാനം. സാദിഖലിയുടെ അഭിപ്രായത്തിലുള്ള വിയോജിപ്പും നേതാക്കൾ പ്രകടിപ്പിക്കും. ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ എം സി മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, സെക്രട്ടറി കെ എം ഷാജി എന്നിവരുടെ ആക്ഷേപങ്ങളും മുശാവറ യോഗത്തിൽ ചർച്ചയായിരുന്നു.
രാഷ്‌ട്രീയലാഭത്തിനായി തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ ലീഗ്‌ ആയുധമാക്കുന്നു, ശേഷം അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്ന വികാരമായിരുന്നു ചർച്ചയിൽ. ‘കമ്യൂണിസ്‌റ്റ്‌ മുദ്ര’ കുത്തി നേതാക്കളെ വേട്ടയാടാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം അനുവദിക്കരുതെന്ന അഭിപ്രായം ഒരുവിഭാഗം പങ്കിട്ടു. കോൺഫെഡറേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ (സി ഐ സി) വിഷയത്തിൽ സമസ്‌തയുടെ തീരുമാനം നടപ്പാക്കാൻ സാദിഖലി ഒന്നും ചെയ്‌തില്ല. ഇക്കാര്യം കൂടി വിലയിരുത്തിയാണ്‌ സിഐസിയുടെ കത്ത്‌ മുശാവറ തള്ളിയത്‌.
സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനം സാദിഖലിക്കും ലീഗിനുമുള്ള തിരിച്ചടിയാണ്‌. ലീഗ്‌ വിലാസം സംഘടന എന്ന ബ്രാൻഡിങ്ങിന്‌ വഴങ്ങേണ്ടതില്ലെന്നാണ്‌ മുശാവറ അംഗങ്ങളിൽ ഭൂരിപക്ഷത്തിനമുള്ളത്‌. പോഷകസംഘടനാ നേതൃത്വങ്ങളും സമാന അഭിപ്രായത്തിലാണ്‌. അതിനിടെ പി എം എ സലാം വീണ്ടും അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തിയത്‌ സമസ്‌ത നേതൃതലത്തിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്‌. സ്വതന്ത്ര നിലപാട്‌ പറയുന്നവരെ ‘സഖാക്കളുടെ നക്കാപ്പിച്ച പറ്റുന്നവരായാണ്‌ ’സലാം ആക്ഷേപിച്ചത്‌. ഇത്തരം മോശം വിശേഷണങ്ങൾ ലീഗ്‌ നേതൃത്വം തിരുത്തിക്കണമെന്ന അഭിപ്രായമാണ്‌ നേതാക്കൾക്കുള്ളത്‌. വെള്ളിയാഴ്‌ച സാദിഖലിയെ കണ്ട്‌ ഇക്കാര്യങ്ങളെല്ലാം ധരിപ്പിക്കുമെന്നാണ്‌ സൂചന. പോഷകസംഘടനാ നേതാക്കൾ നൽകിയ പ്രതിഷേധ കത്തിൽ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും സമസ്‌ത കാത്തിരിക്കുന്നുണ്ട്‌.