അമ്പരപ്പിച്ച് ജനസാഗരം, വേദികൾ നിയന്ത്രിച്ച് അധ്യാപികമാർ, പുതുചരിത്രമായി സ്കൂൾ കലോത്സവം

MTV News 0
Share:
MTV News Kerala

മൈക്കേന്തി മത്സരാര്‍ത്ഥികള്‍ക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാര്‍. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ മുഴുവന്‍ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാര്‍ പുതു ചരിത്രം രചിച്ചത്.

സ്റ്റേജ് മാനേജ്‌മെന്റ്, ആങ്കറിംഗ് ഉള്‍പ്പെടെ ഓരോ വേദികളിലും അവര്‍ നിറഞ്ഞു നിന്നു. 24 വേദികളിലായാണ് കലാ മത്സരങ്ങള്‍ അരങ്ങേറിയത്. എട്ട് മുതല്‍ പത്ത് പേര്‍ വീതമുളള സംഘങ്ങളാണ് വേദികളുടെ മുഴുവന്‍ സംഘാടനവും നിര്‍വഹിച്ചത്. 190-ന് മുകളില്‍ അധ്യാപികമാരാണ് കര്‍മ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്.

കേരള സാരിയിലാണ് ഇവര്‍ എത്തിയത്. രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങള്‍ വേദികളില്‍ നടക്കുന്നതെങ്കിലും രാവിലെ 7.30 നു തന്നെ അധ്യാപികമാര്‍ വേദിയില്‍ എത്തിയിരുന്നു. ചരിത്രത്തില്‍ പുതു ഏടുകള്‍ എഴുതി ചേര്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവും പ്രോഗ്രാം കമ്മിറ്റിയുമുണ്ടായിരുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവത്തില്‍ പുതുമ കൊണ്ടുവരിക എന്ന ആശയത്തിന്റെ ഭാഗമായാണ് വേദികളുടെ മുഴുവന്‍ നിയന്ത്രണവും അധ്യാപികമാര്‍ക്ക് നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രണ്ട് ഷിഫ്റ്റുകളിലും അധ്യാപികമാര്‍ക്കായിരുന്നു പൂര്‍ണ്ണ ചുമതല. ആര്‍ക്കും പരാതികള്‍ക്കിട നല്‍കാതെ മികച്ച സംഘാടനമാണ് അധ്യാപികമാര്‍ നടത്തിയത്.

അതേ സമയം സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഒരു പരാതിയും ഉയര്‍ന്നു വന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ചെറിയ പരാതികള്‍ അപ്പപ്പോള്‍ തന്നെ പരിഹരിച്ചു. എല്ലാ കമ്മിറ്റികളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചു.

പ്രതിദിനം ഏതാണ്ട് മുപ്പതിനായിരത്തില്‍ പരം പേര്‍ക്കാണ് ഊട്ടുപുരയില്‍ ഭക്ഷണം നല്‍കിയത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണം ഏവരും ആസ്വദിച്ചു. ജനപങ്കാളിത്തം കൊണ്ട് കോഴിക്കോട് അമ്പരപ്പിച്ചുവെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സമാപന സമ്മേളനം ശനിയാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.