ഐക്യപ്രക്ഷോഭമുയരും ; പിന്തുണയുമായി പതിനായിരങ്ങൾ ; രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ട്രേഡ്‌ യൂണിയനുകളും കർഷകസംഘടനകളും

MTV News 0
Share:
MTV News Kerala

ലൈംഗികാതിക്രമം നേരിട്ട ഗുസ്‌തിതാരങ്ങൾക്ക്‌ നീതി തേടിയുള്ള പോരാട്ടം കർഷകപ്രക്ഷോഭംപോലെ വിപുലമായ ജനകീയ മുന്നേറ്റമായി മാറുന്നു. ഗുസ്‌തിതാരങ്ങളിൽനിന്ന്‌ മെഡലുകൾ കർഷകനേതാക്കൾ ഏറ്റുവാങ്ങിയത്‌ ഇതിന്റെ പ്രതീകമാണ്‌. കഴിഞ്ഞദിവസം ഹരിദ്വാറിൽ പതിനായിരങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്തുണയുമായി എത്തിയത്‌. കഴിഞ്ഞകാലങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ ചെയ്‌തവരാണ്‌ ഇവരിൽ ഗണ്യമായ വിഭാഗം.
ഡൽഹി നിർഭയക്കേസ്‌ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ അതിശക്തമായ കോൺഗ്രസ്‌ വിരുദ്ധവികാരം പടർന്നു. അപമാനം നേരിട്ട്‌ വനിതാ കായിക താരങ്ങളെ കേന്ദ്രസർക്കാരും ബിജെപിയും വീണ്ടും വേട്ടയാടുന്നത്‌ രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചിട്ടുണ്ട്‌. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രിയുടെ കാലത്താണ്‌ കായികതാരങ്ങൾക്ക്‌ ഇത്തരത്തിൽ കണ്ണീരൊഴുക്കേണ്ടിവരുന്നത്‌. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ്‌ യൂണിയനുകളുടെ ഐക്യവേദിയും കർഷകപ്രസ്ഥാനങ്ങളും കർഷകത്തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിന്‌ എല്ലാ പിന്തുണയും നൽകുന്നു. ബ്രിജ്‌ഭൂഷണെ ഉടൻ അറസ്റ്റുചെയ്‌തില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ട്രേഡ്‌ യൂണിയനുകളും കർഷകസംഘടനകളും ആഹ്വാനം നൽകിയിട്ടുണ്ട്‌.