പ്രതിഷേധം ഉള്ളിലൊതുക്കി പ്രൊഫ. കെ വി തോമസ്; പി സി ചാക്കോയുടെ വഴിയിലേക്കോ?
കോഴിക്കോട് | കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട പ്രൊഫ. കെ വി തോമസ് പ്രതിഷേധം ഉള്ളിലൊതുക്കുന്നു. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും രണ്ടു ദിവസം കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം സിറാജ് ലൈവിനോട് പ്രതികരിച്ചു. യു ഡി എഫ് കണ്‍വീനര്‍ പദവി അദ്ദേഹത്തിനു വച്ചു നീട്ടും എന്നാണ് പ്രതീക്ഷ. വര്‍ക്കിങ്ങ് പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം തികക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടതിലുള്ള അമര്‍ഷം സഹിച്ചു പുതിയ പദവി അദ്ദേഹം സ്വീകരിക്കുമോ എന്നതാണ് ചോദ്യം.
പല ഘട്ടങ്ങളിലായി പാര്‍ട്ടിക്കുള്ളില്‍ അപമാനിക്കപ്പെട്ട നേതാവാണ് കെ വി തോമസ്. കുമ്പളങ്ങിയില്‍ നിന്നു തിരുത മീനുമായി വിമാനം കയറി സോണിയാ ഗാന്ധിയെ നേരിട്ടു കണ്ടു കാര്യങ്ങള്‍ നേടുന്ന നേതാവെന്ന്് തന്നെ അപമാനിക്കുന്നവര്‍ ഏറെയും കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന് അദ്ദേഹം പലവട്ടം പരിതപിച്ചിട്ടുണ്ട്.
താന്‍ ഇടതുപക്ഷത്തേക്കു ചാടുമെന്നും ബി ജെ പിയില്‍ പോകുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുമ്പോഴും തനിക്കുള്ളത് ഹൈക്കമാന്റ് തരും എന്ന ശുഭാപ്തി വിശ്വാസം ഉള്ളില്‍ കരുതുന്ന ഒരു രസതന്ത്രം അധ്യാപകന്റെ യുക്തിയാണ് വിജയം കാണാറുള്ളത്്. അങ്ങിനെയാണ് ഒരു നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം വര്‍ക്കിങ്ങ് പ്രസിഡന്റായി വന്നത്. സ്ഥാനാര്‍ത്ഥിത്വത്തിന്റെയും പദവികളുടെയും പേരില്‍ നേതൃത്വവുമായി ഇടഞ്ഞുനിന്ന അദ്ദേഹം ചുവടുമാറ്റത്തിന്റെ സൂചനകള്‍ പ്രകടിപ്പിക്കുകയും നിര്‍ണായക വാര്‍ത്താ സമ്മേളനത്തിന് ഒരുങ്ങുകയും ചെയ്ത ഘട്ടത്തിലാണ് തൃപ്തികരമായ പദവിയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ് എത്തി വര്‍ക്കിങ്ങ് പ്രസിഡന്റ് പദവി നല്‍കിയത്.
സോണിയാഗാന്ധി ഫോണില്‍ വിളിച്ചതോടെ പാര്‍ട്ടി വിടുമെന്ന ഭീഷണി നിശ്ശബ്ദം അവസാനിപ്പിച്ച കെ വി തോമസ,് സോണിയഗാന്ധി നയിക്കുന്ന കോണ്‍ഗ്രസില്‍ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി വിടാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിച്ചെന്ന പരാതിയാണ് അന്ന്് അദ്ദേഹം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചത്. പാര്‍ട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പരാതിയുമുന്നയിച്ചു. എറണാകുളത്തെ പാര്‍ട്ടി നേതാക്കള്‍ ഒരു ചര്‍ച്ചയിലും സഹകരിപ്പിക്കുന്നില്ലന്നെ ആക്ഷേപവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും, വര്‍ക്കിംഗ് പ്രസിഡന്റാക്കാമെന്ന വാഗ്ദാനം ഹൈക്കമാന്റ് മുന്നോട്ട് വച്ചതോടെ അദ്ദേഹം വിനീത വിധേയനായി പാര്‍ട്ടിയില്‍ തുടരുകയായിരുന്നു.
കെ പി സി സി പ്രസിഡന്റായി കെ സുധാകരനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പി ടി തോമസിനേയും ടി സിദ്ദിഖിനേയും പ്രഖ്യാപിച്ച ഹൈക്കമാന്റ്, സ്ഥാനം നഷ്ടപ്പെട്ട കെ വി തോമസ് അടക്കം ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യു ഡി എഫ് കണ്‍വീനര്‍ എന്ന പദവി കെ വി തോമസിനു നല്‍കാന്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ പദവിയില്‍ കണ്ണു നട്ടിരിക്കുന്ന വേറെയും നേതാക്കളുണ്ട്. അവര്‍ സമുദായ സന്തുലനം പോലുള്ള വാദങ്ങള്‍ ഉന്നയിച്ച് അതും തട്ടിത്തെറിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിനു ഭയമുണ്ട്. പി ടി തോമസും ടി സിദ്ദിഖും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണെന്നാണ് പാര്‍ട്ടി പറയുന്നത്.
മുല്ലപ്പള്ളി അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ കെ പി സി സി മീഡിയ കമ്മറ്റിയുടെ ചെയര്‍മാനായി കെ വി തോമസിനെ നിയമിച്ചിരുന്നു. ഇത്തരം ഒതുക്കല്‍ പദവികള്‍ക്കു വഴങ്ങേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണു വിവരം. പി സി ചാക്കോ, റോസക്കുട്ടി ടീച്ചര്‍, ലതികാ സുഭാഷ്, അഡ്വ. പി എം സുരേഷ് ബാബു തുടങ്ങിയവര്‍ എന്‍ സി പി വഴി ഇടതുപക്ഷത്തേക്കു നീങ്ങിയതു പോലുള്ള നീക്കങ്ങള്‍ക്ക് വഴികൊടുക്കാതെ കെ വി തോമസിന് എത്രയും വേഗം പാര്‍ട്ടി സ്ഥാനം നല്‍കാനുള്ള നീക്കമാണു നടക്കുന്നത്. നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്തു മുന്നോട്ടു പോകാനാണ് ആലോചിക്കുന്നതെന്ന് കെ സുധാകരന്‍ പറയുന്നുണ്ടെങ്കിലും പുതിയ പ്രസിഡന്റിന്റെ ശൈലി എന്താണെന്നറിയാന്‍ മൗനം പാലിച്ചു കാത്തിരിക്കുകയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍
© Copyright - MTV News Kerala 2021
View Comments (0)