ഒടുവിൽ ഉപാധികളില്ലാതെ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി; അജ്മലിന്റെ വീട്ടിൽ വെളിച്ചമെത്തി
കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു എന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമർശനത്തിനാണ് വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)