തിരുവമ്പാടി കെ. എസ്.ആർ.ടി.സി ഡിപ്പൊ വികസനം: ഗ്രാമ പഞ്ചായത്ത് സ്ഥലം കൈമാറി.
തിരുവമ്പാടി : മലയോര കുടിയേറ്റ ജനത നെഞ്ചോടു ചേർത്തു പിടിച്ച തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് കുതിപ്പിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെഎസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
2008ലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്.2012 ൽ ഏലിയാമ ജോർജ് പ്രസിഡണ്ടും ശ്രീ അഭിലാഷ് സെക്രട്ടറിയുമായ ഭരണസമിതിയാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിന് തീരുമാനമെടുത്തത്. തിരുവമ്പാടി ടൗണിനോട് ചേർന്ന് 1.75 ഏക്കർ സ്ഥലം 45 ലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് വിലക്ക് വാങ്ങുകയായിരുന്നു.
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി, മുക്കം, കാരശ്ശേരി, കൂടരഞ്ഞി, പഞ്ചായത്തുകളിൽ നിന്ന്15 ലക്ഷം രൂപയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 30 ലക്ഷം രൂപയും പ്രതീക്ഷിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ മുക്കം ഗ്രാമ പഞ്ചായത്ത് 2 ലക്ഷം രൂപയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപയും നൽകിയെങ്കിലും മറ്റു പഞ്ചായത്തുകളുടെ സഹകരണം ഉണ്ടായില്ല.
പഞ്ചായത്തിന്റെ ചുമതലകളിൽ പെടാത്ത വിഷയത്തിന് ഫണ്ട് ചെലവയിക്കുന്നതിനുണ്ടായ സാങ്കേതിക കുരുക്കുകൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് കെ.എസ്.ആർ.ടി.സി ക്ക് സ്ഥലം കൈമാറുന്നതിന് 2014ൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്.
മലയോര ജനത ഏറെ സ്നേഹിക്കുന്ന ‘ആനവണ്ടിക്ക്’ താവളമൊരുക്കാൻ അന്നത്തെ എം.എൽ.എ സി.മോയിൻകുട്ടി അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിക്കുകയും ഈ ഫണ്ട് ഉപയോഗിച്ചാണ് ഡിപ്പോയുടെ വികസന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.പിന്നീട് ജോർജ് എം തോമസ് എം.എൽഎ 3 കോടി രൂപ വകയിരുത്തി.
നിർദ്ദിഷ്ട ഓപ്പറേറ്റിംഗ് സെന്ററിലേക്ക് ആനക്കാംപൊയിൽ റോഡിൽ നിന്ന് നബാർഡിന്റെ സഹായത്തോടേയും പുന്നക്കൽ റോഡിൽ നിന്ന് പി.ഡബ്ല്യു.ഡി നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കുകയും പുന്നക്കൽ റോഡിൽ നിന്നുള്ള പ്രവ്യത്തി ആ ഭരണകാലയളവിൽ യാഥാർത്ഥ്യമാവുകയും ചെയ്തു.
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യ മൊരുക്കുന്നതിനുള്ള സ്ഥലത്തിന്റെ പ്രമാണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ കെ.ടി. സെബി ക്ക് കൈമാറി.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ അംഗം ബോസ് ജേകബ്,രാമചന്ദ്രൻ കരിമ്പിൽ,റംല ചോലക്കൽ, പി.ടി. അഗസ്റ്റിൽ ,കെ.എം.മുഹമ്മദലി,ടി.ജെ.കുര്യാച്ചൻ , ജോളി ജോസഫ് , റോബർട്ട് നെല്ലിക്കാ തെരുവിൽ, ജോയിക്കുട്ടി ലൂക്കോസ്, ജോയി മ്ലാങ്കുഴി, എബ്രഹാം മാനുവൽ, ജിജി ഇല്ലിക്കൽ, ജോയി തൊമരക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീസി മാളിയേക്കൽ നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)