എൽഡിഎഫ് ഭരണമുള്ള പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമടക്കം കള്ള്ഷാപ്പിൽ, ചിത്രം പ്രചരിച്ചു വിവാദം, പ്രതിഷേധം
തൃശ്ശൂർ: എൽഡിഎഫ് ഭരിക്കുന്ന തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം വിവാദമായിരിക്കുകയാണ്. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്റെ സെൽഫി ചിത്രമാണ് പ്രചരിക്കുന്നത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദമായിരിക്കുന്നത്. തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കാട്ടൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ രാവിലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപോയത്. ബി ജെ പി പ്രവര്‍ത്തകര്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും കള്ള് ഷാപ്പില് ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനെതിരെ സെക്രട്ടറി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം, തൃശൂര്‍ കോര്‍പ്പറേഷനിൽ എൽ ഡി എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച കത്ത് കളക്ടര്‍ക്ക് കൈമാറി. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണി ഭരിക്കുന്ന കോർപ്പറേഷനിൽ ബിജെപിയുടെ നിലപാട് നിർണായകമാകും 55 അംഗ ഭരണസമിതിയിൽ എൽ ഡി എഫ് 25, യു ഡി എഫ് 24 , ബിജെപി 6 എന്നിങ്ങനെയാണ് സീറ്റ് നില.
24 സീറ്റ് കിട്ടിയ എൽഡിഎഫ് കോൺഗ്രസ് വിമതനായ എം.കെ വർഗീസിനെ മേയറാക്കി ഒപ്പം കൂട്ടിയാണ് ഭരണം ഉറപ്പിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ യു ഡി എഫ് പക്ഷത്ത് നിന്നുള്ള രണ്ടു പേരെ ഒപ്പം കൂട്ടി എൽഡിഎഫ് ഭരണം തുടർന്നതിന്റെ മുറിപ്പാട് കോൺഗ്രസിന് ഇപ്പോഴുമുണ്ട്. കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നൽകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തിരുവില്വാമലയിൽ കോൺഗ്രസിനൊപ്പം കൂടി ഭരണം അട്ടിമറിച്ചതിന് പ്രതികാരം വീട്ടാൻ ബി ജെപി തീരുമാനിച്ചാൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും. എന്നാൽ കോൺഗ്രസിന് ഭരണം പിടിക്കണമെങ്കിൽ ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമുള്ള രണ്ട് സ്വതന്ത്രരെ സ്വന്തം പാളയത്തിലെത്തിക്കണം. ഇതിനുള്ള ചർച്ചകൾ കോൺഗ്രസ് നേതൃത്വം തുടങ്ങി കഴിഞ്ഞു. അതെ സമയം ബി.ജെ.പിയുടെ പിന്തുണ ആവശ്യപ്പെടില്ലെന്നും കിട്ടിയാൽ നിരസിക്കില്ലെന്നുമാണ് കോൺഗ്രസിൻ്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബിജെപി പ്രതികരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)