ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് രണ്ടാംപാദ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണു മത്സരം.
സൗദി അറേബ്യയിലെ അഭായില്‍ നടന്ന എ ഗ്രൂപ്പിലെ ഒന്നാംപാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. കഴിഞ്ഞ നവംബറില്‍ കുവൈറ്റിനെതിരേ ഗോളടിച്ച ശേഷം ഇതുവരെ ഇന്ത്യക്ക് എതിരാളികളുടെ വല കുലുക്കാനായില്ല. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്കും അഫ്‌ഗാനും മൂന്നാം റൗണ്ടിലേക്കുള്ള വഴിയാകില്ല.
നായകന്‍ സുനില്‍ ഛേത്രി രാജ്യാന്തര ഫുട്‌ബോളില്‍ 150-ാം മത്സരം കളിക്കാനൊരുങ്ങുകയാണ്. 2005 ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഛേത്രി ഇതുവരെ 149 മത്സരങ്ങളിലായി 93 ഗോളുകളടിച്ചു. ഇന്ത്യക്കായി 11 ട്രോഫികളും നേടി. 39 വയസുകാരനായ ഛേത്രിയുടെ ഏറ്റവും വലിയ മോഹവും ഇന്ത്യ ആദ്യമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെത്തിക്കുകയാണ്.
ക്ര?യേഷ്യക്കാരനായ കോച്ച് ഇഗോര്‍ സ്‌റ്റിമാചും മൂന്നാം റൗണ്ട് പ്രവേശനമാണു ലക്ഷ്യമിടുന്നത്. 2027 ലെ എ.എഫ്.സി. ഏഷ്യന്‍ കപ്പിനുള്ള നേരിട്ടുള്ള പ്രവേശനവും ഇന്ത്യയുടെ ലക്ഷ്യമാണ്. ഇന്ത്യക്കു മുന്നേറാനായില്ലെങ്കില്‍ സ്‌ഥാനമൊഴിയുമെന്നാണു സ്‌റ്റിമാചിന്റെ പ്രഖ്യാപനം. മൂന്ന് കളികളില്‍നിന്ന് നാല് പോയിന്റുള്ള ഇന്ത്യ രണ്ടാംസ്‌ഥാനത്താണ്. അഫ്‌ഗാനോടു സമനില വഴങ്ങിയതാണു തിരിച്ചടിയായത്. അടുത്ത മൂന്ന് മത്സരങ്ങളില്‍നിന്നു കുറഞ്ഞതു നാല് പോയിന്റ് നേടിയാലെ ഇന്ത്യക്കു മുന്നേറാനാകു. ജൂണ്‍ ആറിനു കുവൈറ്റും ജൂണ്‍ 11 നു ഖത്തറും ഇന്ത്യക്ക് എതിരാളികളാകും.
മൂന്ന് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഖത്തറാണ് ഒന്നാമത്. മൂന്നാം സ്‌ഥാനത്തുള്ള കുവൈറ്റിന് മൂന്നു പോയിന്റും നാലാമതുള്ള അഫ്‌ഗാന് ഒരു പോയിന്റുമാണ്. 150-ാം മത്സരത്തില്‍ ഛേത്രി തകര്‍പ്പനാകുമെന്നാണു സ്‌റ്റിമാചിന്റെ പ്രതീക്ഷ.
പാസിങ്ങിലെ കൃത്യതയിലും അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും ബോക്‌സില്‍ കടന്നു കയറി ആക്രമിക്കുന്നതിലും ശിഷ്യന്‍മാര്‍ അല്‍പം കൂടി പുരോഗമിക്കാനുണ്ടെന്നു സ്‌റ്റിമാച് ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യ ഗുവാഹാത്തിയില്‍ അവസാനം കളിച്ചത്. ഒമാനെതിരേ നടന്ന 2022 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ 2-1 നു തോറ്റു.
© Copyright - MTV News Kerala 2021
View Comments (0)