പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 മരണം.

MTV News 0
Share:
MTV News Kerala

പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റു. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9 പേരാണ് മരിച്ചത്. അതിനിടെ യുക്രൈനിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത് വന്നു.

യുദ്ധത്തിന്റെ പതിനെട്ടാം ദിനത്തിലും റഷ്യൻ സൈന്യം കടുത്ത ആക്രമണമാണ് യുക്രൈനിൽ നടത്തുന്നത്. ലിവ് നഗരത്തിൽ ഇരട്ട സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിൽ റഷ്യൻ സൈന്യം തുടർച്ചയായി മിസൈൽ ആക്രമണവും നടത്തി. പടിഞ്ഞാറൻ യുക്രൈനിലെ തന്ത്രപധാന നഗരമാണ് ലിവ്. പടിഞ്ഞാറൻ നഗരമായ ഇവാനോഫ്രാങ്കിവിസ്‌കിലും സ്‌ഫോടനങ്ങളുണ്ടായി.

അതേസമയം, വടക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കൻ മേഖലകളിൽ നിന്നായി റഷ്യൻ സൈന്യം തലസ്ഥാന നഗരമായ കീവിലേയ്ക്ക് കൂടുതൽ അടുത്തതായാണ് റിപ്പോർട്ടുകൾ. കീവിലെ യുക്രൈൻ സൈന്യത്തിന്റെ എയർഫീൽഡിനുനേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. കീവിനടുത്ത് ഒരു ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുകയായിരുന്ന സംഘത്തിനുനേരെ റഷ്യൻ സൈന്യം നടത്തിയ വെടിവെയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ ഒരു മുസ്ലിം പള്ളി റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിലൂടെ തകർത്തു. എൺപതോളം പേർ പള്ളിക്കകത്ത് അഭയം തേടിയിരുന്നു. വാസിൽകീവിലെ വിമാനത്താവളവും റഷ്യൻ ആക്രമണത്തിൽ തകർന്നു.