വാക്‌സീന്‍ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന; ഉത്തരവ് കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധം

MTV News 0
Share:
MTV News Kerala

കണ്ണൂര്‍ | കണ്ണൂരില്‍ വാക്‌സീന്‍ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ഉത്തരവ് കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമെന്ന് വിദഗ്ധര്‍. വാക്‌സീന്‍ എടുക്കും മുമ്പ് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷന് കൃത്യമായ സൗകര്യമൊരുക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ അസോസിയേഷന്‍ (കെ ജി എം ഒ) അഭിപ്രായപ്പെട്ടിരുന്നു.

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്നതോടെയാണ് കലക്ടര്‍ പുതിയ ഉത്തരവുമായി രംഗത്തെത്തിയത്. ഈ മാസം 28 മുതല്‍ വാക്‌സീന്‍ ലഭിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും വാക്‌സീന്‍ എടുക്കാനെത്തുന്നവര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധനാ സൗകര്യമൊരുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.