വന്ദേ ഭാരത് കേരളത്തിലെത്തി; പാലക്കാട് വൻ സ്വീകരണം.

MTV News 0
Share:
MTV News Kerala

പാലക്കാട്: കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേ ഭാരതിന്റെ റേക്ക് ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി. രാവിലെ 11.40ഓടെ പാലക്കാട് സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. നിരവധി ആളുകളാണ് ട്രെയിനിനെ വരവേൽക്കാൻ എത്തിയത്. ജീവനക്കാരെ മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിൻ വൈകീട്ട് കൊച്ചുവേളിയിലെത്തും.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചത്. വൈകാതെ ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി പ്രത്യേകതകളാണ് വന്ദേ ഭാരത് എക്സ്പ്രസിനുള്ളത്.

ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ ട്രെയിനെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും വന്ദേഭാരത് സർവീസ് ആരംഭിക്കുക. എട്ട് സ്റ്റോപ്പുകളായിരിക്കും കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിൽ സർവീസ് നടത്തുക.

പരമാവധി മണിക്കൂറിൽ 160 കിലോ മീറ്ററാണ് വന്ദേഭാരതിന്റെ വേഗത. പക്ഷേ കേരളത്തിൽ വന്ദേഭാരത് ഈ വേഗത്തിൽ സഞ്ചരിക്കില്ല. പരമാവധി മണിക്കൂറിൽ 100 കിലോ മീറ്ററിനടുത്തായിരിക്കും കേരളത്തിൽ വന്ദേഭാരതിന്റെ വേഗത. പൂർണമായും ശീതികരിച്ച വന്ദേഭാരതിൽ രണ്ട് ക്ലാസുകളുണ്ടാവും. ചെയർ കാറും, എക്സിക്യൂട്ടീവ് കോച്ചും. എക്സിക്യൂട്ടീവ് കോച്ചിൽ റിവോൾവിങ് ചെയർ ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകൾ, കോച്ചുകളിൽ വൈഫൈ, ജി.പി.എസ്, ബയോ വാക്വം ടോയ്ലെറ്റ് എന്നിവയെല്ലാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സവിശേഷതകളാണ്.