മാവൂർ:കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി.കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന വികസനവും അക്കാദമിക നിലവാരത്തിലൂടെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിലാണ്. പ്ലസ്‌വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ പരിഹാരം കാണുന്നതിന് പരിശ്രമം നടത്തുകയാണ്. പ്ലസ്‌വൺ സീറ്റ് അനുപാതം പഠിക്കുന്നതിനും മറ്റുമായി വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി സ്കൂളുകളിൽ കുട്ടികൾ ഇല്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമം ഉള്ള ഇടത്തേക്ക് മാറ്റുന്നതും പുതിയ ബാച്ച് അനുവദിക്കുന്നതും ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതുമടക്കമുള്ള വിഷയങ്ങളിൽ ഈ സമിതി പഠനം നടത്തും. സമിതിയുടെ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വരും വർഷങ്ങളിലെ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു
പുള്ളന്നൂർ ന്യൂ ഗവണ്മെന്റ് എൽ.പി സ്കൂൾ, നായർക്കുഴി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, മാവൂർ ജി.എം.യു.പി സ്കൂൾ എന്നിവയ്ക്കായി ഒരുക്കിയ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 40ലക്ഷം രൂപ ചെലവിലാണ് പുള്ളന്നൂർ ന്യൂ ഗവണ്മെന്റ് എൽ.പി സ്കൂളിൽ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കിഫ്ബിയുടെ ഒരു കോടി രൂപ ചെലവിലാണ് മറ്റു രണ്ടു സ്കൂളുകളിലും കെട്ടിടം ഒരുക്കിയത്.
വിവിധ സ്കൂളുകളിലായി നടന്ന ചടങ്ങുകളിൽ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)