താമരശ്ശേരി ചുരം റോപ്‌വേ, 3.7 കി.മി നീളം, 40 കേബിള്‍കാറുകള്‍; 2025ല്‍ യാഥാര്‍ഥ്യമാവും
താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എം.എൽ.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഉടൻ യോഗം വിളിക്കാനും തീരുമാനമായി.
വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്വേ നിർമിക്കുക. 40 കേബിൾകാറുകളാണുണ്ടാവുക. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമർപ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകൾ വർധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ റോപ്വേയായിരിക്കുമിത്. നിലവിൽ ചുരം വഴിയുള്ള യാത്രാപ്രശ്നവും പരിഹരിക്കപ്പെടും. യോഗത്തിൽ എം.എൽ.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാർ, ബേബി നിരപ്പത്ത് എന്നിർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)