
കുറ്റിക്കടവ് പാലത്തിന് 10 കോടി; ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യമാകുന്നു
സംസ്ഥാന ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കടവ് പാലം നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചതോടെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. 2002ല്‍ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് മുന്‍കൈയെടുത്ത് നിര്‍മിച്ച പാലം പിന്നീട് കാര്യമായ വികസനമില്ലാത്തതിനാല്‍ പ്രദേശവാസികളും യാത്രക്കാരും പ്രയാസമനുഭവിക്കുകയായിരുന്നു. മാവൂര്‍-കുറ്റിക്കടവ്-കണ്ണിപ്പറമ്പ് റോഡിലെ ചെറുപുഴക്ക് കുറുകെയുള്ള പാലം മുക്കം ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും നഗരപ്രദേശങ്ങളിലേക്കും എളുപ്പത്തില്‍ എത്താനുള്ള പ്രധാന മാര്‍ഗമാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ പാലത്തിന്റെ വീതികുറവ് ഗതാഗതക്കുരുക്കിനും അപകട ഭീഷണിക്കും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികള്‍ പ്രധാനമായി ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു പാലത്തിന്റെ നവീകരണം. പാലം നവീകരിക്കുന്നതോടെ മാവൂര്‍, കുറ്റിക്കടവ്, കണ്ണിപ്പറമ്പ്, പെരുവയല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുകയും സുരക്ഷ ഉറപ്പാക്കാനാവുകയും ചെയ്യും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമായി ബജറ്റില്‍ തുക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)