ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

MTV News 0
Share:

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളേജുകള്‍ അടക്കമുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം ബുധനാഴ്ചയ്ക്ക് ശേഷം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖലയും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ജൂലൈ പത്ത് വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.