
സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മരിച്ച ആറുപേരിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനി ബാധിച്ചതാണെന്ന് സംശയിക്കുന്നു. ഇൻഫ്ലുവൻസ (Influenza) ബാധിച്ച് ഒരാളും മരണപ്പെട്ടു.15 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചപ്പോൾ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 159 പേർക്ക് ഡെങ്കിപ്പനിയും, 22 പേർക്ക് എലിപ്പനിയും, 23 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. 295 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചിക്കൻപോക്സ്, ചെള്ളുപനി (Scrub Typhus) എന്നിവയും പടരുന്നുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്നതാണ് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 165 ആയി ഉയർന്നു.
© Copyright - MTV News Kerala 2021





View Comments (0)