
കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും നൽകില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ വ്യക്തത വന്നതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ.സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുമ്പ് അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. പി.എസ്.സി അഡ്വൈസ് ലഭിച്ചിട്ടും കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് താൽക്കാലികമായി നിയമനം നൽകും. കോടതി വിധിക്ക് മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അനുവദിക്കാനും ഉത്തരവിൽ നിർദേശമുണ്ട്.നിലവിൽ സർവീസിലുള്ള അധ്യാപകർ ഉൾപ്പെടെ കെ-ടെറ്റ് വിജയിച്ചിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ അനുവദിച്ചിരുന്ന ഇളവുകളും ഒഴിവാക്കിയിരുന്നു.എൽ.പി വിഭാഗത്തിൽ കെ-ടെറ്റ് ഒന്നും യു.പി വിഭാഗത്തിൽ കെ-ടെറ്റ് രണ്ടുമാണ് അടിസ്ഥാന യോഗ്യത. എന്നാൽ ഉയർന്ന വിഭാഗത്തിനുള്ള കെ-ടെറ്റ് യോഗ്യതയുള്ളവർക്കും നിയമനം നൽകാമെന്ന് വ്യക്തമാക്കി നേരത്തെ മറ്റൊരു ഉത്തരവും പുറത്തിറക്കിയിരുന്നു.അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
© Copyright - MTV News Kerala 2021




View Comments (0)