
കേരളത്തിനകത്തും പുറത്തും ഒട്ടേറെ മയക്കുമരുന്ന് കടത്തിലും വിൽപ്പനയിലും പ്രതിയായ വേളം പള്ളിയത്ത് നൊച്ചാട്ട് വീട്ടിൽ ഉബൈദിനെ മലപ്പുറം കാടാമ്പുഴ പോലീസ് വീട്ടിലും പള്ളിയത്ത് ടൗണിലും ശനിയാഴ്ച രാവിലെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കഴിഞ്ഞമാസം പത്തിന് മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽനിന്നും 555 ഗ്രാം എംഡിഎംഎയുമായി പിടിക്കപ്പെട്ട സംഘത്തിന് വിൽപ്പനയ്ക്കായി ലഹരി എത്തിച്ചുകൊടുത്ത കേസിലെ പ്രധാന പ്രതിയായ ഉബൈദിനെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രസ്തുത കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് കാടാമ്പുഴ പോലീസ് ശനിയാഴ്ച പള്ളിയത്ത് എത്തിയത്.എംഡിഎംഎ കടത്തിലെ പ്രധാന കണ്ണിയായ ഉബൈദ് ജൈയിംസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ആറുമാസം മുൻപ് കാറിൽ എംഡിഎംഎ കടത്തുന്നതിനിടയിൽ ഉബൈദിന്റെ കൂട്ടാളിയും എംഡിഎംഎ റാക്കറ്റിലെ പ്രധാനകണ്ണിയുമായ വേളം പെരുവയൽ സ്വദേശിയായ അജ്മൽ എന്ന പൊന്ന് അജ്മലിനെ ബെംഗളൂവിരിൽവെച്ചും ഉബൈദിനെ എറണാകുളത്തുവെച്ചും കർണാടക പോലീസ് പിടികൂടി. മാസങ്ങൾക്ക് മുൻപ് പള്ളിയത്ത് പ്രദേശത്ത് അർധരാത്രിയിൽ അഫ്സൽ എന്ന യുവാവിൽനിന്നും നാട്ടുകാർ പിടികൂടിയ എംഡിഎംഎയ്ക്ക് പിന്നിലും ഉബൈദായിരുന്നു എന്നും ചില പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് കേസ് തേഞ്ഞ് മാഞ്ഞുപോയെന്നും ആരോപണം ഉയർന്നിരുന്നു. എംഡിഎംഎ കടത്തിലെ രാജ്യത്തെതന്നെ പ്രധാനകണ്ണിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. മലപ്പുറം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉബൈദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ, എ.എസ്.ഐ. വിശ്വനാഥൻ, സി.പി.ഒ. രമ്യ, സി.പി.ഒ. മനു, ജോബിഷ് തുടങ്ങിയവരും താനൂർ ഡാൻസാഫ് എസ്.ഐ. സന്തോഷ് ഉൾപ്പടെയുള്ള ടീം അംഗങ്ങളും ഉണ്ടായിരുന്നു.
© Copyright - MTV News Kerala 2021




View Comments (0)