എച്ച്പിവി വാക്സിനേഷൻ: ജില്ലയിൽ ‘ഷീൽഡ്’ ക്യാമ്പയിന് തുടക്കം

MTV News 0
Share:

 

പെൺകുട്ടികളിലെ ഗർഭാശയഗള ക്യാൻസർ പ്രതിരോധത്തിനായി ജില്ലയിൽ നടപ്പിലാക്കുന്ന എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിൻ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഷീൽഡ്’ (SHIELD – “Strengthening HPV Immunity through early life saving defense”) പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി. ടി. സൂരജ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. ടി. സരിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. കെ. അഫ്സൽ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ഷീൽഡ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കായി വിപുലമായ കർമ്മപദ്ധതിയാണ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും പരിശീലനങ്ങളും ആരംഭിച്ചു. ഗർഭാശയഗള ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസാണ് ഹ്യൂമൻ പാപ്പിലോമ വൈറസ്. ഇത്തരം അണുബാധകളിൽ നിന്ന് മുൻകൂട്ടി സംരക്ഷണം നൽകുന്നതിലൂടെ ഭാവിയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ എച്ച്പിവി വാക്സിനേഷൻ സഹായിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. ടി. സരിതകുമാരി അറിയിച്ചു.എച്ച്പിവി വാക്സിൻ ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായാണ് നിലവിൽ 14 വയസ്സുള്ള പെൺകുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായി വാക്സിൻ നൽകുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പയിന്റെ ഭാഗമായി വാക്സിനേഷൻ ലഭ്യമാകുക. അർഹതപ്പെട്ട എല്ലാ പെൺകുട്ടികളിലേക്കും വാക്സിന്റെ പ്രയോജനം ഫലപ്രദമായി എത്തിക്കാനും മികച്ച വാക്സിനേഷൻ കവറേജ് ഉറപ്പാക്കാനും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സജീവമായ സഹകരണം അത്യാവശ്യമാണ്. ഇതിനായുള്ള ലക്ഷ്യാധിഷ്ഠിത പ്രവർത്തനങ്ങൾ ഷീൽഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. കെ. അഫ്സൽ അറിയിച്ചു.