
കള്ളനോട്ട് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി; പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
കള്ളനോട്ട് കേസിലെ പ്രതിയായ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോണിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ മനു പ്രസാദിനെ ക്രൈംബ്രാഞ്ച് പിടികൂടി. കോഴിക്കോട് കൂടരങ്ങ് പീച്ചിനാരി വീട്ടിൽ മനു പ്രസാദിനെയാണ് പിടികൂടിയത്. ഇയാൾ നേരത്തെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. തട്ടിക്കൊണ്ടു പോയ കേസിൽ നേരത്തെ ആദർശ് എന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മനു പ്രസാദിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിൽ കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മനു പ്രസാദിന്റെ ഫോണും കണ്ടെത്തി. സിബിയോണിന്റെ കള്ളനോട്ട് ഇടപാടിൽ മനുപ്രസാദിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിബിയോണിനെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് മനു പ്രസാദ് ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബർ 16ന് ആശ്രാമത്തു നിന്ന് സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ടിൻസി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇയാൾ സ്വയം തിരിച്ചെത്തുകയായിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയത്തെ തുടർന്ന് ഒക്ടോബർ 23ന് പൊലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്ന് കള്ളനോട്ട് നിർമാണ സാമഗ്രികളും പ്രിന്ററുകളും കറൻസി എണ്ണുന്ന യന്ത്രവും ഏകദേശം 2.5 കോടി രൂപയുടെ വ്യാജ നോട്ടും 43 പവനും പിടികൂടിയിരുന്നു. സിബിയോണിന്റെ ഭാര്യ ടിൻസിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)