കോഴിക്കോട്ടെ കായികമേളയിൽ താരങ്ങൾക്ക് പഴയിടത്തിന്റെ രുചി; 12,000 ചതുരശ്ര അടിയിൽ പാചകശാല, ഒരുനേരം 15,000 പേർക്ക് ഭക്ഷണം!

MTV News 0
Share:

ചിക്കനും ബീഫും പാലും പഴവും മുട്ടയും ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണം, ഇടവേളകളിൽ ചായയും ചെറുകടികളും. സംസ്ഥാന സ്കൂൾ കായികമേളയിലെത്തുന്ന കായികതാരങ്ങൾക്കായി വിപുലമായ ഭക്ഷണസജ്ജീകരണങ്ങളാണ് കോഴിക്കോട് ഒരുങ്ങുന്നത്. ഇത്തവണയും ഭക്ഷണത്തിന്റെ ചുമതല പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്കാണ്. മത്സരവേദികളിൽനിന്ന് ഭക്ഷണശാലകളിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ എട്ട് വേദികളിലേക്കും ഭക്ഷണം നേരിട്ട് എത്തിക്കാനാണ് സംഘാടകരുടെ തീരുമാനം.ചാത്തമംഗലം പന്ത്രണ്ടിലെ എൻഐടിയുടെ പുതിയ സ്പോർട്സ് അരീനയിലാണ് പ്രധാന പാചകശാലയും ഭക്ഷണപ്പുരയും ഒരുക്കുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പാചകശാലയിൽ കലവറയും പാചകപ്പുരയും ഉൾപ്പെടും. രണ്ടാമത്തെ പാചകശാല കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ്. ഭക്ഷണശാലകളിൽ ഒരുനേരം ശരാശരി 15,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിങ്ങനെയാണ് ക്രമീകരണം. ഇടനേരങ്ങളിൽ സംഘാടകർക്കും റഫറിമാർക്കും ഉൾപ്പെടെയുള്ളവർക്ക് ചായയും ചെറുകടികളും എത്തിക്കും.രാവിലെ ഭക്ഷണത്തോടൊപ്പം പാലും മുട്ടയും രാത്രിഭക്ഷണത്തോടൊപ്പം മുറിച്ച പഴങ്ങളും നൽകുന്നതാണ് പതിവ്. ഇത്തവണയും ഇതേ ക്രമം തുടരും. ആകെ പത്ത് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഭക്ഷണശാലകളുള്ള എൻഐടിയും കൊടിയത്തൂർ പിടിഎമ്മും ഒഴികെയുള്ള എട്ട് വേദികളിലേക്ക് എൻഐടിയിലെ പ്രധാന ഭക്ഷണശാലയിൽനിന്ന് ഭക്ഷണം എത്തിക്കും. ഇതിനായി പ്രത്യേക വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണശാലകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എൻഐടിയിലെ പാചകശാലയിൽ തട്ടടിക്കുന്ന ജോലികളാണ് നടന്നത്. പി.കെ. അരവിന്ദൻ അധ്യക്ഷനായ ഭക്ഷണ കമ്മിറ്റിക്കാണ് ക്രമീകരണങ്ങളുടെ നേതൃത്വം.ഭക്ഷണശാലകളുടെ നിർമാണപുരോഗതി വിലയിരുത്താൻ പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദു പഴയിടവും എൻഐടി മൈതാനത്തെത്തി. തുടർന്ന് മെഡിക്കൽ കോളജ് ക്യാംപസ് ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കായികമേളയുടെ ഭക്ഷണശാലയിലെത്തി ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് പഴയിടം മടങ്ങിയത്. രണ്ടുവർഷം മുമ്പ് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും ഭക്ഷണമൊരുക്കിയത് പഴയിടമായിരുന്നു. മത്സരങ്ങളുടെ തിരക്കിനൊപ്പം താരങ്ങളുടെ ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഇതോടെ കായികമേളയ്ക്കായി പൂർത്തിയാകുന്നത്.