
കോഴിക്കോട് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; സുഹൃത്ത് അബ്ദുൽ സമദും കസ്റ്റഡിയിൽ
കോഴിക്കോട് നിന്ന് കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇരുവരെയും തൊട്ടിൽപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് പൊലീസിനെ എത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സമദ് എന്നാണ് സൂചന.ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്ന അനുമോൾക്ക് ഭർത്താവ് തൻ്റെ കരളിന്റെ ഒരു ഭാഗം പകുത്തുനൽകിയതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്താനായത്. ഗർഭിണിയായിരിക്കെ പത്തുവർഷം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ. അനുമോളുടെ ജീവിതകഥ അറിഞ്ഞ് വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ നിരവധി പേർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകിയിരുന്നു.തൊട്ടിൽപ്പാലം കൂടൽ സ്വദേശിനിയായ അനുമോൾ മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയാണ്. ഈ മാസം അഞ്ചിനാണ് ഇവരെ കാണാതായത്. പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അനുമോളെ പിന്നീട് കണ്ടെത്താനായില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.തൊട്ടിൽപ്പാലം കൂടലിൽ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനുമോൾ.
© Copyright - MTV News Kerala 2021





View Comments (0)