കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിനുകൾ വൈകിയോടുന്നു

MTV News 0
Share:

കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. വടകര മുക്കാളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു. പരശുറാം, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയാണ്.ശനി പകൽ 7.30ഓടെയാണ് സംഭവം. തലശേരിക്കും വടകരയ്ക്കും ഇടയിലുള്ള സ്റ്റേഷനാണ് മുക്കാളി. ഇവിടെ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിന് സമീപം മണ്ണ് നിറയ്ക്കാനായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ പാളത്തിലേക്ക് വീഴുകയായിരുന്നു.കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ പോകുന്ന പാളത്തിലേക്കാണ് ലോറി വീണത്. ലോറിയുടെ മുൻഭാ​ഗം പ്ലാറ്റ്ഫോമിൽ തങ്ങിനിന്നു. പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം.ഇതേത്തുടർന്ന് പരശുറാം എക്സ്പ്രസ് മാഹി സ്റ്റേഷനിൽ പിടിച്ചിട്ടു. കോഴിക്കോട് പാസഞ്ചറും തലശേരി സ്റ്റേഷനിൽ പിടിച്ചിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ചാണ് ലോറി നീക്കിയത്. പിന്നാലെ പാളത്തിന്റെ സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. രണ്ട് ട്രെയിനുകളും നിലവിൽ ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.