
കോഴിക്കോട് വിമാനത്താവളത്തിൽ റെസ നീളം കൂട്ടൽ അവസാനഘട്ടത്തിൽ; പകൽ സമയം റൺവേ അടച്ചിടാൻ തീരുമാനം
കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ പകൽസമയം റൺവേ അടച്ചിട്ട് ജോലി പൂർത്തിയാക്കാൻ തീരുമാനം. നവംബർ 15നു ശേഷമായിരിക്കും വിമാന സർവീസുകളുടെ നിയന്ത്രണം വേണ്ടിവരിക എന്നാണു പ്രാഥമിക നിഗമനം. ഏകദേശം 3 മാസത്തോളമാണ് ഭാഗികമായി റൺവേ അടച്ചിടൽ പ്രതീക്ഷിക്കുന്നത്. കൃത്യമായ തീയതിയും നോട്ടാം (നോട്ടിസ് ടു എയർമെൻ) പ്രഖ്യാപനവും വിമാനകമ്പനി അധികൃതരുമായുള്ള ചർച്ചകൾക്കു ശേഷം എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി കേന്ദ്രത്തിൽനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് വിവരം.റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് ഉയർത്തി സുരക്ഷാ പ്രതലം 150 മീറ്റർ വീതം നീളം കൂട്ടുന്ന ജോലി പുരോഗമിക്കുകയാണ്. നിലവിൽ 90 മീറ്ററാണ് റെസ. ഇത് 240 മീറ്ററാക്കി വർധിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്
ഇത് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. മണ്ണുമായെത്തുന്ന ടിപ്പർ ലോറികളും നിരപ്പാക്കൽ പ്രവൃത്തികൾക്കുള്ള മറ്റ് യന്ത്ര സാമഗ്രികളും ഇരുവശങ്ങളിലുമുണ്ട്. റൺവേയുടെ നിരപ്പിനു മുകളിലേക്കു ടിപ്പർ ലോറികളും യന്ത്രസാമഗ്രികളും എത്തിയാൽ വിമാന സർവീസുകളെ ബാധിക്കും. അതു കണക്കിലെടുത്ത് അവസാനഘട്ട ജോലികൾക്കായാണ് ഏതാനും മണിക്കൂറുകൾ പകൽ സമയം റൺവേ അടച്ചിട്ട് ജോലി നടത്തുക.ഇതിന്റെ ഭാഗമായി പ്രാഥമിക യോഗം ചേർന്നു. പകൽ ഏകദേശം 4 –6 മണിക്കൂർ ജോലിയാണ് ഉദ്ദേശിക്കുന്നത്. കരിപ്പൂരിൽ ഉച്ചക്ക് ഒരു മണിക്കു ശേഷമാണ് വിമാനങ്ങളുടെ ലാൻഡിങ്ങും ടേക് ഓഫും കുറവുള്ളത്. ഈ സമയത്തെ വിമാന സർവീസുകൾ മറ്റു സമയങ്ങളിലേക്കു മാറ്റുന്ന കാര്യമാണ് പ്രഥമ പരിഗണനയിലുള്ളത്. കരിപ്പൂരിൽ സമയമാറ്റം ഉണ്ടാകുമ്പോൾ, ഇവിടെ മാത്രമല്ല അതു മറ്റു വിമാനത്താവളങ്ങളിലെ ആഭ്യന്തര, രാജ്യാന്തര സർവീസുകളെയും ബാധിക്കും. എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രം ഇക്കാര്യങ്ങൾ പരിശോധിച്ച് ‘നോട്ടാം’ (നോട്ടിസ് ടു എയർമെൻ) പ്രഖ്യാപിക്കും.തുടർന്ന് വിമാനക്കമ്പനികൾ അതനുസരിച്ച് വിമാന സർവീസുകൾ മാറ്റി, വിമാന ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കും. 2027 മാർച്ചിനു മുൻപ് റെസ വിപുലീകരണം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടർന്ന് വലിയ വിമാന സർവീസുകൾക്കാണ് കോഴിക്കോട് വിമാനത്താവളം കാത്തിരിക്കുന്നത്.
© Copyright - MTV News Kerala 2021




View Comments (0)