
ജീവനക്കാരുടെ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കാന്‍ വിജിലന്‍സ് ബോധവത്കരണ ക്ലാസ്
വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ ഉദ്ഘാടനം ചെയ്തു. വ്യക്തിമൂല്യങ്ങളും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.വിജിലന്‍സ് എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി. കെ.പി. അബ്ദുല്‍ റസാഖ് ക്ലാസ് നയിച്ചു. വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനരീതികള്‍, കൈക്കൂലി കേസുകളില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നിയമനടപടികള്‍, ശിക്ഷാരീതികള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കുന്നതിനുള്ള നിയമസംവിധാനങ്ങളും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി സത്യസന്ധതയോടും സുതാര്യതയോടും കൂടി പ്രവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്നു വരെയാണ് രാജ്യത്ത് വിജിലന്‍സ് വാരാചരണം സംഘടിപ്പിക്കുന്നത്. ‘പ്രോബിറ്റി ടു പ്രോസ്പിരിറ്റി’ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ വാരാചരണം.വിജിലന്‍സ് ഡിവൈ.എസ്.പിമാരായ എ.ആര്‍. രമേഷ്, എം. സജീവ്കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ദീപു മാത്യു എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)