ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും എംഡിആർ? ഒക്ടോബർ 15 മുതൽ പുതിയ നിരക്ക്

MTV News 0
Share:

രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിലും ഒക്ടോബർ 15 മുതൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമായേക്കുമെന്ന് റിപ്പോർട്ട്. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുകയെന്നാണ് റിപ്പോർട്ടുകൾ.2,000 രൂപയ്ക്ക് മുകളിലുള്ള ചില മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം വരെ എംഡിആർ ഈടാക്കാം. എന്നാൽ ഈ തുക ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാൻ പാടില്ലെന്നാണ് ധനകാര്യവകുപ്പിന്റെ നിർദേശം. അതിനാൽ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന് പുറമേ എംഡിആർ നൽകേണ്ടിവരില്ലെന്നാണ് നിലവിലെ നിർദേശം.അധിക നിരക്ക് റെയിൽവേയും ഐആർസിടിസി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളും വഹിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് എംഡിആറിന്റെ പരമാവധി പരിധി 300 രൂപയായിരിക്കും.യുപിഐ ഇടപാടുകളുടെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് മറഞ്ഞിരിക്കുന്ന ചാർജുകളോ പ്ലാറ്റ്‌ഫോം ഫീസോ ഈടാക്കാൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര രംഗത്തുനിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.