
തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കും; പഞ്ചായത്ത് പ്രസിഡന്റിന് 28,400 രൂപ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം ഇരട്ടിയാക്കി വർധിപ്പിക്കാൻ ശുപാർശ. ഗ്രാമപഞ്ചായത്ത് അംഗം മുതൽ കോർപറേഷൻ മേയർ വരെയുള്ളവരുടെ പ്രതിഫലമാണ് ഇരട്ടിയാക്കുന്നത്. സർക്കാർ അംഗീകരിച്ചാൽ 2027 ജനുവരി ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. ഷാനവാസ് അധ്യക്ഷനായ 12 അംഗ സമിതിയാണ് ഇതുസംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. സമിതി റിപ്പോർട്ട് വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് സമർപ്പിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം 8,000 രൂപയിൽ നിന്ന് 16,000 രൂപയാക്കും. പഞ്ചായത്ത് പ്രസിഡന്റിന് 14,200 രൂപയിൽ നിന്ന് 28,400 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയിൽ നിന്ന് 23,200 രൂപയുമായാണ് വർധിപ്പിക്കുക. സ്ഥിരംസമിതി അധ്യക്ഷന് 18,400 രൂപ ലഭിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയം 15,600 രൂപയിൽ നിന്ന് 31,200 രൂപയാക്കും. വൈസ് പ്രസിഡന്റിന് 26,000 രൂപയും അംഗങ്ങൾക്ക് 17,200 രൂപയും സ്ഥിരംസമിതി അധ്യക്ഷന് 19,600 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 33,600 രൂപയും വൈസ് പ്രസിഡന്റിന് 28,400 രൂപയും അംഗങ്ങൾക്ക് 19,600 രൂപയും ലഭിക്കും. സ്ഥിരംസമിതി അധ്യക്ഷന്റെ ഓണറേറിയം 20,800 രൂപയാകും.നഗരസഭാ ചെയർപേഴ്സണ് 31,200 രൂപയും വൈസ് ചെയർപേഴ്സണ് 26,000 രൂപയും അംഗങ്ങൾക്ക് 17,200 രൂപയുമാണ് ശുപാർശ. സ്ഥിരംസമിതി അധ്യക്ഷന് 19,600 രൂപ ലഭിക്കും.കോർപറേഷൻ മേയറുടെ ഓണറേറിയം 15,800 രൂപയിൽ നിന്ന് 31,600 രൂപയായി ഉയരും. ഡെപ്യൂട്ടി മേയർക്ക് 26,400 രൂപയും കൗൺസിലർമാർക്ക് 16,400 രൂപയും സ്ഥിരംസമിതി അധ്യക്ഷന് 18,800 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.അടുത്തിടെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രതിഫലം വർധിപ്പിച്ചതിന് പിന്നാലെയാണ് തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയവും വർധിപ്പിക്കാനുള്ള നീക്കം. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് പ്രതിമാസ ശമ്പളത്തിന് പകരം ഓണറേറിയമായാണ് പ്രതിഫലം നൽകുന്നത്.
© Copyright - MTV News Kerala 2021





View Comments (0)