ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് 35 മിനിറ്റ് ; പ്രതീക്ഷയേകി ഇ.ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

MTV News 0
Share:

കോഴിക്കോട്–ബത്തേരി ഉപപാത യാഥാർത്ഥ്യമായാലുള്ള നേട്ടങ്ങളെക്കുറിച്ച് ‘മെട്രോമാൻ’ ഇ. ശ്രീധരൻ. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ചാണ് ഈ പാതയുടെയും നിർമാണം നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുനിന്ന് വെറും 35 മിനിറ്റുകൊണ്ട് ബത്തേരിയിൽ എത്തിച്ചേരാൻ കഴിയുന്ന ഈ സ്വപ്ന പദ്ധതി ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് (ഡി.എം.ആർ.സി) വിഭാവനം ചെയ്തിരിക്കുന്നത്.ഡി.എം.ആർ.സി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്. കോഴിക്കോട്–ബത്തേരി റൂട്ടിൽ ഒരു ദിശയിൽ ദിവസേന അര ലക്ഷം പേർ യാത്ര ചെയ്യുന്നുണ്ടെന്നും, ഈ പാത യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അതിവേഗ റെയിൽപാത പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തന്നെ കോഴിക്കോട്–ബത്തേരി പാത നടപ്പാക്കണമെന്നാണ് ഡി.എം.ആർ.സിയുടെ പ്രധാന നിർദേശം. ഭാവിയിൽ ഈ പാത മൈസൂരുവിലേക്ക് നീട്ടാനും സാധിക്കും.ആകെ 73.5 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ കൊടുവള്ളി, അടിവാരം, കൽപറ്റ, ബത്തേരി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരുന്നത്. അടിവാരത്തിനും കൽപറ്റയ്ക്കുമിടയിൽ 20 കിലോമീറ്ററോളം വരുന്ന ഇരട്ടത്തുരങ്കം ഇതിന്റെ പ്രത്യേകതയാണ്. ഭൂനിരപ്പിൽ നിന്നും 400 മീറ്റർ വരെ താഴെയായിട്ടായിരിക്കും തുരങ്കം നിർമ്മിക്കുക. വെറും രണ്ടു വർഷംകൊണ്ട് തുരങ്കനിർമ്മാണവും മൂന്ന് വർഷംകൊണ്ട് പാതയുടെ പണികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.ഒരേ സമയം 800 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ട്രെയിനിൽ ഒരു ബോഗി ആംബുലൻസിനായും ചരക്കുനീക്കത്തിനായി റോ–റോ സംവിധാനവും ഒരുക്കും. ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 60% തുക കേന്ദ്ര–സംസ്ഥാന സർക്കാരുകളും ബാക്കി 40% പൊതുജന പങ്കാളിത്തത്തിലൂടെയും കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.ആറ് മാസം സമയമെടുത്ത് അഞ്ച് കോടി രൂപ ചെലവിൽ ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കേണ്ടതുണ്ട്. സർക്കാർ ഫണ്ട് അനുവദിച്ചാൽ ഉടൻ തന്നെ തുടർനടപടികൾ ആരംഭിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നീരൊഴുക്കിന് തടസ്സമുണ്ടാക്കാത്ത രീതിയിൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സൗരോർജ പാതയാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കത്തിൽ അരമണിക്കൂർ ഇടവിട്ടും പിന്നീട് തിരക്കിനനുസരിച്ച് ഇടവേളകൾ കുറച്ചും സർവീസുകൾ നടത്താൻ കഴിയുമെന്നും ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

Share:
കോഴിക്കോട്–ബത്തേരി ഉപപാത യാഥാർത്ഥ്യമായാലുള്ള നേട്ടങ്ങളെക്കുറിച്ച് ‘മെട്രോമാൻ’ ഇ. ശ്രീധരൻ. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ചാണ് ഈ പാതയുടെയും നിർമാണം നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടുനിന്ന് വെറും 35 മിനിറ്റുകൊണ്ട് ബത്തേരിയിൽ എത്തിച്ചേരാൻ കഴിയുന്ന ഈ സ്വപ്ന പദ്ധതി ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് (ഡി.എം.ആർ.സി) വിഭാവനം ചെയ്തിരിക്കുന്നത്.ഡി.എം.ആർ.സി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്. കോഴിക്കോട്–ബത്തേരി...ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് 35 മിനിറ്റ് ; പ്രതീക്ഷയേകി ഇ.ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി