
ബാക്കി വന്ന ടിക്കറ്റിലുണ്ടായിരുന്നു, 30 ലക്ഷത്തിന്റെ ഭാഗ്യം; കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം പളനിയപ്പന്
വിൽക്കാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റിനു 30 ലക്ഷം ഭാഗ്യസമ്മാനം നേടി അരയിടത്തു പാലത്തിനു സമീപം താമസിക്കുന്ന തമിഴ്നാട് പുതുക്കോട് പൊന്നമ്പലം സ്വദേശി പളനിയപ്പൻ (71). ഇന്നലെ വൈകിട്ട് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണു പളനിയപ്പനു ലഭിച്ചത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ലോട്ടറി മൊത്ത, ചില്ലറ വിൽപനക്കാരായ ലക്കി സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നാണു പളനിയപ്പൻ ടിക്കറ്റു മൊത്തമായി വാങ്ങാറ്. അതു നടന്നു വിറ്റു കിട്ടുന്ന വരുമാനത്തിലാണു പളനിയപ്പനും ഭാര്യ കാന്താമണിയും ജീവിക്കുന്നത്.ഇന്നലെയും പതിവുപോലെ ടിക്കറ്റ് വിൽക്കാനിറങ്ങി. ഉച്ച കഴിഞ്ഞപ്പോൾ 3 ടിക്കറ്റ് ബാക്കിയായി. വൈകിട്ട് 3 നാണു നറുക്കെടുത്തത്. വൈകിട്ട് നാലോടെ ലോട്ടറി റിസൽട്ടും അടുത്ത ദിവസം വിൽക്കാനുള്ള ടിക്കറ്റും വാങ്ങാൻ പളനിയപ്പൻ ഏജൻസിയിൽ എത്തി. ഏജൻസി ഉടമ പെന്നപ്പുറത്ത് ഭവീഷ് പളനിയപ്പനെ കാത്തിരിക്കുകയായിരുന്നു. സമ്മാനമുണ്ടെന്നു പറഞ്ഞപ്പോൾ പളനിയപ്പൻ ആദ്യം കരുതിയതു അയ്യായിരം രൂപയാകുമെന്നാണ്. 30 ലക്ഷമാണു ലഭിച്ചതെന്നു പറഞ്ഞപ്പോൾ പൊരുത്തപ്പെടാൻ അൽപം സമയമെടുത്തു.
പളനിയപ്പനും ഭാര്യയും 32 വർഷമായി കോഴിക്കോട്ടാണു താമസം. വിവിധ ജോലികൾ ചെയ്തു ഉപജീവനം നടത്തുകയായിരുന്നു. അതിനിടയിൽ ചില്ലറ അസുഖങ്ങൾ വന്നതോടെ കഴിഞ്ഞ 10 വർഷമായി ലോട്ടറി ടിക്കറ്റ് വിൽപനയാണ്. ആറു മാസം മുൻപു ഭാര്യക്കു ഹൃദയസംബന്ധമായ അസുഖം വന്നു. അവർക്കുള്ള മരുന്നിനുള്ള വകയും ടിക്കറ്റ് വിൽപനയിലൂടെയാണ് ഉണ്ടാക്കുന്നത്. തിരുത്തിയാടു പ്രദേശത്തുകാർക്കു പളനിയപ്പൻ പ്രിയപ്പെട്ട മണി അണ്ണനാണ്. മക്കൾ നാട്ടിലാണ്.
© Copyright - MTV News Kerala 2021





View Comments (0)