
മരുന്നുകളിലെ ഉയര്‍ന്ന ആല്‍ക്കഹോള്‍ അളവ്; ഇനി പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് കിട്ടില്ല
ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ ഇനി ലൈസന്‍സില്ലാതെ വില്‍ക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം, ഇത്തരം മരുന്നുകള്‍ ഇനി മറ്റ് കുറിപ്പടി മരുന്നുകളെപ്പോലെ തന്നെ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വില്ക്കാന് പാടുള്ളൂ. പുതിയ ഉത്തരവ് പ്രകാരം 12% v/v ല്‍ കൂടുതല്‍ എഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും 30 മില്ലി ലിറ്ററിലധികം അളവിലുള്ളതുമായ എല്ലാ മരുന്നുകള്‍ക്കും മുമ്പുണ്ടായിരുന്ന ഇളവ് സര്‍ക്കാര്‍ പിന്‍വലിച്ചു.ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഇനി ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരം ആവശ്യമായ ലൈസന്‍സ് നേടണം. കൂടാതെ, ഈ മരുന്നുകളെ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള മരുന്നുകള്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ ഫാര്‍മസികള്‍ക്ക് വില്ക്കാന് കഴിയൂ. വില്‍പ്പന സംബന്ധിച്ച കൃത്യമായ രേഖകളും ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതുണ്ട്.ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇതിന് മുമ്പ് ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ്, ഡ്രഗ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്നിവ വിഷയം പരിശോധിക്കുകയും, 2025 ഒക്ടോബറില്‍ പൊതുജനാഭിപ്രായം തേടി കരട് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു.1945ലെ ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ പ്രകാരം ഏലക്ക, ഇഞ്ചി തുടങ്ങിയ ഔഷധ സസ്യങ്ങളില്‍ നിന്നുള്ള ചില സത്തുകള്‍ക്കും സുഗന്ധ ഔഷധങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമല്ലായിരുന്നു. ഇവയില്‍ ചിലതില്‍ 80 മുതല്‍ 90 ശതമാനം വരെ എഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിരുന്നു. ഉയര്‍ന്ന ആല്‍ക്കഹോള്‍ ഉള്ള മരുന്നുകളുടെ ദുരുപയോഗവും അനധികൃത ഉപയോഗവും തടയുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം, യഥാര്‍ഥ ചികിത്സാ ആവശ്യങ്ങള്‍ക്ക് ഈ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോടെ അംഗീകൃത ഫാര്‍മസികളിലൂടെ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)