
രൂക്ഷമായ ദുർഗന്ധവും കൊതുകുശല്യവും; കോഴിക്കോട് മെഡിക്കൽ കോളജിലെ മലിനജല പ്ലാന്റ് കവിഞ്ഞൊഴുകുന്നു
കോഴിക്കോട് മെഡിക്കൽ കോളജിലെ മലിനജല സംസ്കരണ പ്ലാന്റിലെ ടാങ്ക് നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നു. രൂക്ഷമായ ദുർഗന്ധവും കൊതുകുശല്യവും കാരണം ദുരിതത്തിലായത് സമീപത്തെ ക്വാർട്ടേഴ്സുകളിലെയും ഹോസ്റ്റലുകളിലെയും താമസക്കാർ. 17 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിന്റെ പ്രവർത്തനവും നടത്തിപ്പും പ്രതിസന്ധിയിലാണ് . 17 കോടി രൂപ ചെലവിൽ അമൃത് പദ്ധതിയിൽ കോർപ്പറേഷൻ നിർമ്മിച്ചതാണ് മലിനജല സംസ്കരണ പ്ലാന്റ്. പക്ഷേ, ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്കാണ് ഒഴുകുന്നത്. മൂക്ക് പൊത്താതെ ഇവിടെ ഒരു മിനുട്ട് നിൽക്കാനാവില്ല. വെള്ളം കെട്ടിനിൽക്കുന്നതോടെ കൊതുകുശല്യവും രൂക്ഷം. ദിവസേന പത്ത് ലക്ഷത്തിലധികം ലീറ്റർ മലിനജലമാണ് പ്ലാന്റിലെത്തുന്നത്.24 മണിക്കൂറും പമ്പിങ് നടക്കേണ്ട പ്ലാന്റിൽ രാത്രി ജീവനക്കാരുടെ അഭാവം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ പറയുന്നത്. അതേസമയം, കോർപറേഷന്റെ കരാർ കാലാവധി അവസാനിച്ചതോടെ പ്ലാന്റിന്റെ നടത്തിപ്പിലും അനിശ്ചിതത്വം നിലനിൽക്കുന്നു. മെഡിക്കൽ കോളേജ് പ്ലാന്റ് ഏറ്റെടുത്ത് നടത്താനും കോർപ്പറേഷൻ ഇലക്ട്രോഡുകൾ മാറ്റാനും സർക്കാർ അനുമതി വേണം. പ്ലാന്റിലെ ഇലക്ട്രോഡുകൾ മാറ്റാനും ഫിൽറ്റർ ടാങ്കിലേക്കുള്ള ആക്ടിവേറ്റഡ് കാർബൺ മണൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നവീകരിക്കാനും ഏകദേശം 70 ലക്ഷം രൂപ വേണം. സർക്കാർ അനുമതിയും ഫണ്ടും ലഭിക്കാത്തതാണ് ഏറ്റെടുക്കൽ നടപടികൾ വൈകാൻ കാരണമെന്ന് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. പ്ലാന്റ് പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ മലിനജലം സമീപത്തെ ക്വാർട്ടേഴ്സുകളിലേക്കും ഹോസ്റ്റലുകളിലേക്കും തുടർന്ന് ഓടകളിലേക്കും ഒഴുകുമെന്ന ആശങ്കയും ശക്തമാവുകയാണ്.
© Copyright - MTV News Kerala 2021





View Comments (0)