
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസിലെയും കണ്ണൂരില്‍ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായ കേസിലെയും മുഖ്യപ്രതിയെ കണ്ണൂര്‍ പൊലീസ് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി അമരക്കുനി പാടിച്ചിറ അമ്പാട്ട് ഹൗസില്‍ ഷിന്റോ എന്ന ഷൈന്‍ (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമഗ്രശിക്ഷ കേരളയുടെ പേരാമ്പ്ര ബി.ആര്.സിയില്‍ ജോലി ചെയ്തിരുന്ന അധ്യാപകരായ കീര്‍ത്തന, കാവ്യ, ഗ്രീഷ്മ എന്നിവരെ എം.ഡി.എം.എ സഹിതം മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇവര്‍ ജാമ്യത്തിലാണ്.ഈ കേസില്‍ കോഴിക്കോട് വാണിമേല്‍ സ്വദേശി കെ.സി. അജ്നാസ്, തലശേരി സ്വദേശി ഇ.പി. മുഹമ്മദ് സമീര്‍ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണി ഷിന്റോ ഷിബുവാണെന്ന് സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് വടകര പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു.നിടെ കഴിഞ്ഞ ഒമ്പതിന് രാത്രി തളാപ്പ് ഗ്രീന്‍ സൂപ്പര്‍മാര്‍ക്കറ്റിന് പിറകിലുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ: ടി.കെ. അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ഗാര്‍ഡനില്‍ ഉദയകൃഷ്ണ (25), ചാലാട് മണല്‍ കൃഷ്ണ റോഡ് ഹാജിദ ക്വാര്‍ട്ടേഴ്സിലെ കെ. വിഷ്ണു (26), ഇടച്ചേരി മുത്തപ്പന് കാവിന് സമീപത്തെ പാര്‍വ്വതി നിവാസില്‍ പി. ഹൃതിന്‍ എന്ന കുട്ടു (27) എന്നിവരെയാണ് 51.54 ഗ്രാം എം.ഡി.എം.എസഹിതം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ എം.ഡി.എം.എ ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ഷിന്റോയാണെന്ന് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഷിന്റോയെ പിടികൂടാന്‍ കണ്ണൂര്‍ പൊലീസും നീക്കം തുടങ്ങി. അന്വേഷണത്തില്‍ ഇയാള്‍ ഹൈദരാബാദില്‍ ഒളിച്ചുതാമസിക്കുകയാണെന്ന സൂചന പൊലീസിന് ലഭിച്ചു.ഇതേത്തുടര്‍ന്ന് രണ്ട് ദിവസമായി ഷിന്റോയ്ക്കായി ഹൈദരാബാദില്‍ കണ്ണൂര്‍ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഒളിത്താവളം കണ്ടെത്തി ഷിന്റോയെ പിടികൂടി ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കണ്ണൂരില്‍ എത്തിച്ചത്. തുടർന്ന് കണ്ണൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ്ഭാരത് റെഡിയുടെ നിര്‍ദേശ പ്രകാരം കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ എസ്.ഐ ടി.കെ അഖില്‍, സീനിയര്‍ സി.പി.ഒ ജിഷാന്ത്, ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇനി വടകര കേസില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അവിടുത്തെ അന്വേഷണ സംഘം കോടതിയെ സമീപിക്കും.
© Copyright - MTV News Kerala 2021





View Comments (0)