
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മയുടെ മരണം; അണുബാധ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് ഗവ. മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചത് അണുബാധയെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശസ്ത്രക്രിയാമുറിവിൽ നിന്നുണ്ടായ അണുബാധ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ച് പ്രവർത്തനം തകരാറിലായതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന മെഡി.കോളജ് അസി. കമീഷണർ പി. പ്രമോദ് പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ ബോർഡിന് സമർപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസ് ഷീറ്റുമുൾപ്പെടെ വിവരങ്ങൾ കൂടി ഉടൻ കൈമാറും. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് റിപ്പോർട്ടുകൾ പരിശോധിച്ചശേഷമായിരിക്കും നടപടികൾ. കഴിഞ്ഞ മാസം 12നാണ് മണിയൂർ കുറുന്തോടി പറമ്പത്ത് തങ്കമണി മരിച്ചത്. ചികിത്സാ വീഴ്ച കാരണമാണ് മരണമെന്ന ബന്ധുക്കളുടെ പരാതിയിൽ മെഡി.കോളജ് പൊലീസ് കേസെടുത്തിരുന്നു. തങ്കമണിയുടെ വീട്ടിലെത്തി ബന്ധുക്കളിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ മെഡിക്കൽ സംഘവും ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം അഞ്ചിനാണ് തങ്കമണിയെ കോഴിക്കോട് മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എട്ടിന് ഗർഭാശയം നീക്കൽ ശസ്ത്രക്രിയ നടത്തി. ഒമ്പതിന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെ ഛർദ്ദിയും പനിയുമുണ്ടായി. 11ാംതിയതി വീണ്ടും അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ രോഗി 12ന് വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)