സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വേദി; കോഴിക്കോട് എന്‍ഐടി സ്പോര്‍ട്സ് കോംപ്ലക്സ് തുറന്നു

MTV News 0
Share:

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വേദിയാകുന്ന കോഴിക്കോട് എന്‍ഐടി സ്പോര്‍ട്സ് കോംപ്ലക്സ് തുറന്നു. മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്സും ബാസ‌്‌കറ്റ് ബോള്‍ കോര്‍ട്ടും കേന്ദ്രസഹമന്ത്രി സുകാന്ത മജുംദാര്‍ ആണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. പത്തുമാസം കൊണ്ട് 8.9 കോടി രൂപ ചെലവിലാണ് സിന്തറ്റിക് ട്രാക്കും ജംപിങ് പിറ്റുകളും നിര്‍മ്മിച്ചത്.കായികരംഗത്ത് കുതിപ്പേകുന്നതാണ് എന്‍ഐടിയുടെ സ്പോര്‍ട്സ് കോംപ്ലക്സ്. ഒളിമ്പിക്സ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച 400 മീറ്റര്‍ നീളമുള്ള എട്ട് ലൈനുകളുള്ള സിന്തറ്റിക് ട്രാക്ക് താരങ്ങള്‍ക്ക് പുത്തന്‍ അനുഭവമേകും.ലോംഗ് ജബ്, ഡിസക്സ് ത്രോ ഉള്‍പ്പെടെയുള്ള ജംപിങ്, ത്രോയിങ് ഇനങ്ങള്‍ക്ക് രാജ്യാന്തരനിലവാരത്തിലുള്ള പ്രത്യേക ഫീല്‍ഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഫിഫ നിലവാരത്തിലാണ് ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിച്ചത്. എന്‍ഐടിയുടെ കായികമേളയാണ് ഇവിടെ ആദ്യം നടക്കുക. തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനവാരം സംസ്ഥാനസ്കൂള്‍ കായിക മേളയ്ക്കും ഈ മൈതാനം വേദിയാകും.ആയിരംപേര്‍ക്ക് ഇരിക്കാവുന്ന ഗാലറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡ്രസിങ് റൂമുകളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും മറ്റൊരു പ്രത്യേക്തയാണ്. സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടന ചടങ്ങില്‍ ഒളിമ്പ്യന്‍ എം.ഡി.വത്സമ്മ, എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.