
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒമ്പതു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനക്ക് ചികിത്സക്കെത്തിയ കുട്ടിയെ ഗ്യാസിന്റെ ഗുളിക നൽകി വിട്ടയച്ചെന്നാണ് ചാത്തമംഗലം സ്വദേശി അശ്വതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വയറുവേദനയെ തുടർന്ന് അശ്വതിയുടെ മകൻ പാർഥിവിനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. രണ്ട് വനിത ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുകയും ഗ്യാസിന്‍റെ ഇൻജക്ഷൻ നൽകിയശേഷം അരമണിക്കൂർ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വേദന കുറയാതിരുന്നതോടെ രക്തപരിശോധനയോ സ്കാനിങ്ങോ ചെയ്യാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ തയാറായില്ല. കുട്ടിയെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്നും കുട്ടിക്ക് വേദന അനുഭവപ്പെട്ടതിനാൽ മലാപ്പറമ്പിലെ ക്ലിനിക്കിൽ എത്തിക്കുകയും പരിശോധനയിൽ വയറ്റിൽ അപ്പൻഡിക്സ് പഴുത്ത് പൊട്ടിയ നിലയിലാണെന്നും ഉടൻ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ നിർദേശിച്ചു. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.തെറ്റായ രോഗനിർണയവും അനാസ്ഥയും കാണിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അശ്വതി മെഡിക്കൽ കോളജ് പൊലീസിനും ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
© Copyright - MTV News Kerala 2021




View Comments (0)