
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍
അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെന്‍സികള്‍ക്കും പൂക്കികള്‍ക്കും വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്ല്യമല്ലേയെന്നും സര്‍ക്കാര്‍ മോഡിഫിക്കേഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നുമായിരുന്നു സജി ചെറിയാന്‍ ചോദിച്ചത്. തുടര്‍ന്നാണ് അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് മന്ത്രി മറുപടി നല്‍കിയത്. അതേസമയം വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതിയില്‍ ഡ്രൈവിംഗ് നിയമങ്ങള്‍ പഠിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. 18 പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് ലഭിക്കുന്ന രീതിയിലായിരിക്കും പരിശീലനം എന്നും സിപി ജോണ്‍ പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)