
മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ കേസിൽ യുവതി പിടിയിലായി.
കോഴിക്കോട് :മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ കേസിൽ യുവതി പിടിയിലായി.
നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40) നെയാണ് നീലേശ്വരത്തു നിന്നും താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതിയാണ് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ മുത്താലത്തുള്ള വാടകവീട്ടിൽ നിന്നും 2.306 കിലോഗ്രാം എംഡി എം എയുമായി പിടികൂടിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ യുവതി പോലീസിന്റെ പിടിയിലായത്.
അന്ന് ഹനീഫക്കൊപ്പം ബേപ്പൂർ സ്വദേശിനിയായ റൈഹാനത്ത് എന്ന യുവതിയെയും ഇവിടെനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നുംമുഹമ്മദ് ഹനീഫ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ എംഡി എം എ കേരളത്തിൽ എത്തിച്ചതായി കണ്ടെത്തി.കൂടാതെ ഇവരുടെ ശൃംഖലയിൽപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരവും അന്ന് പോലീസിന് ലഭിച്ചിരുന്നു.
ഹനീഫയുടെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഫാഷൻ ഡിസൈനറായി പ്രവർത്തിക്കുന്ന ഖദീജയുടെ അക്കൗണ്ട് മുഖേനയായിരുന്നു നടത്തിയിരുന്നത്.
അതിനിടയിൽ പിടിയിലായ ഹനീഫയെ കഴിഞ്ഞ മെയ് 23ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വച്ച് ട്രെയിനിൽ നിന്നും പുറത്തുചാടി രക്ഷപ്പെട്ടു.തുടർന്ന് പത്താം ദിവസമാണ് ഇയാളെ കർണാടകയിലെ കൽബുർഗിയിൽ വച്ച് പോലീസ് പിടികൂടിയത്.
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് മുഹമ്മദ് ഹനീഫക്ക് ഖദീജയായിരുന്നു പലതവണയായി ഒന്നരലക്ഷത്തോളം രൂപ സാമ്പത്തിക സഹായം ചെയ്തിരുന്നത്.
ഇക്കാര്യവുംതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.അങ്ങിനെയാണ് പോലീസിന്റെ അന്വേഷണം ഖദീജയിലേക്ക് നീങ്ങിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണത്തിന് മുക്കംപോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എഎസ് ഐ മാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ് വിശ്വം, സിവിൽ പോലീസ് ഓഫീസർ ജിഷഎന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021




View Comments (0)