ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വേ; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

MTV News 0
Share:

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വ്വേ നടത്തിയതില്‍ വിവാദം. പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലാണ് ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ ഏജന്‍സിയെ എത്തിച്ച് സര്‍വേ നടത്തിയത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെയാണ് കഴിഞ്ഞ ദിവസം സര്‍വേ നടന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിപിഐഎമ്മും സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും കഴിഞ്ഞ ദിവസം ഭൂമാഫിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.അബിന്‍ വര്‍ക്കി ആറന്മുള എംഎല്‍എയായി ചുമതലയേറ്റത്തിന് ശേഷം പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആറന്മുള വിമാനത്താവളത്തിന്റെ പ്രായോഗികതയെ പറ്റി പഠനം നടത്തുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ സർവ്വേ നടന്നിരിക്കുന്നത്.തുടർന്ന് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഡ്രോണ്‍ സര്‍വേ നടത്തിയതെന്ന് പി പ്രസാദ് എംഎല്‍എ ആരോപിച്ചു. ജനവിധിയുടെ പേരില്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടെന്ന് കരുതരുതെന്നും പി പ്രസാദ് പറഞ്ഞു. എന്ത് കൊണ്ട് പത്തുകൊല്ലം ഇത്തരം ഡ്രോണ്‍ സര്‍വേ ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെയും ഭരണകൂടമായി ബന്ധമുള്ളവരുടെയും പിന്തുണയിലാണ് ഭൂമാഫിയയുടെ ഇടപെടല്‍. പത്തുകൊല്ലം കഴിഞ്ഞ് ഞങ്ങള്‍ കച്ചവടം ചെയ്യുമെന്ന് വന്നുപറഞ്ഞാല്‍ കച്ചവടക്കാര്‍ക്ക് വേണ്ടി നല്‍കുന്നതല്ല നാടിന്റെ ജനവിധിയെന്നും പി പ്രസാദ് പറഞ്ഞു.അതിനിടെ സര്‍വ്വേക്കെതിരെ കൊടുമണ്‍ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി. നടപടിക്ക് പിന്നില്‍ ഭൂമാഫിയാണെന്ന് കൊടുമണ്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ വര്‍ഗീസ് പേരയില്‍ ആരോപിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ എങ്ങനെ ഡ്രോണ്‍ സര്‍വേ നടത്തുമെന്നന്നും എയര്‍പോര്‍ട്ട് വരേണ്ടത് കൊടുമണ്ണില്‍ ആണെന്നും എബ്രഹാം പേരയില്‍ പ്രതികരിച്ചു. കൊടുമണ്ണില്‍ 1200 ഹെക്ടര്‍ ഭൂമിയുണ്ട്. സര്‍ക്കാര്‍ ഭൂമിയായ അവിടെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്ലെന്നും കൊടുമണ്‍ എയര്‍പോര്‍ട്ട് സമിതി വ്യക്താക്കുന്നു. ആറന്മുളയിലെ വിമാനത്താവള പദ്ധതിയെ എതിര്‍ക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കാണുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.അതേസമയം പരിസ്ഥിതിക്ക് ദോഷം വരാത്ത ഏത് പദ്ധതിയേയും താന്‍ അനുകൂലിക്കുമെന്നും വിമാനത്താവളം പോലെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ എതിരല്ലെന്നും ഡ്രോണ്‍ സര്‍വേ വിവാദത്തില്‍ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി പ്രതികരിച്ചു. എന്നാല്‍ സ്വകാര്യ വ്യക്തി ആറന്മുളയില്‍ ഡ്രോണ്‍ സര്‍വേ നടത്തിയത് തന്റെ അറിവോടെയല്ലെന്നും ആറന്മുള വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന് പദ്ധതിയോട് നൂറ്റിയൊന്ന് ശതമാനം യോജിപ്പുണ്ടെന്ന് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാനായി എബ്രഹാം കലമണ്ണില്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെ രണ്ടാംഘട്ട സര്‍വ്വേയ്ക്കായി കമ്പനി വീണ്ടും എത്തുമെന്നും ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയും പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും എബ്രഹാം കലമണ്ണില്‍ പറഞ്ഞിരുന്നു.2004ലാണ് എബ്രഹാം കലമണ്ണില്‍ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. 2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ 2014ല്‍ ഹരിത ട്രിബ്യൂണല്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കുകയും തുടര്‍ന്ന് സുപ്രീം കോടതി ഹരിത ട്രിബ്യൂണലിന്റെ നിലപാട് ശരിവയ്ക്കുകയും ചെയ്തതോടെയാണ് പദ്ധതി മുടങ്ങിയത്.