2030 ലോകകപ്പില്‍ 64 ടീമുകള്‍; ആലോചന നടക്കുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

MTV News 0
Share:

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തിയിരുന്നു. 1998 മുതല്‍ 2022 വരെയുള്ള ലോകകപ്പുകളില്‍ 32 ടീമുകളുടെ ഫോര്‍മാറ്റായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ലോകകപ്പിന് ശേഷം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.64 ടീമുകളുടെ ടൂര്‍ണമെന്റ് എന്നത് ഈ ലോകകപ്പിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളില്‍ തീര്‍ച്ചയായും പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു വിഷയമാണ്, ഓരോ രാജ്യത്തിനും ലോകകപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ അവകാശമുണ്ട്. ടീമുകളുടെ നിലവാരം വളരെ ഉയര്‍ന്നതാണെന്നും ലോകമെമ്പാടും അത് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാണാന്‍ കഴിയും. ചെറിയ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രോത്സാഹനം ഇല്ലാതാകും,’ ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം ‘100 ശതമാനം വിജയമാണ്’ എന്നും ഫിഫ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്ന 2030 ലോകകപ്പ് ചരിത്രപരമായ ഒരു വലിയ ടൂര്‍ണമെന്റായിരിക്കും. ആദ്യ ലോകകപ്പിന് (1930) ആതിഥേയത്വം വഹിച്ച യുറഗ്വായ്, 2022-ലെ ചാമ്പ്യന്മാരായ അര്‍ജന്റീന, പാരഗ്വായ് എന്നീ രാജ്യങ്ങള്‍ ഓരോ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. ലാറ്റിനമേരിക്കന്‍ നേതാക്കളുടെ പ്രതിനിധി സംഘത്തില്‍ നിന്ന് ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബറില്‍ തന്നെ 2030-ലെ ടൂര്‍ണമെന്റ് കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫിഫ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുമെന്ന കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ഔദ്യോഗിക പ്രസ്താവന നടത്തിയിരിക്കുന്നത്.