
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പട്ടിക ലഭ്യമാണ്. 2025ലെ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ച് വരെ സ്വീകരിക്കും. ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷനിലെ 59ാം വാര്‍ഡ് കുറ്റിച്ചിറയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. 2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. ഇതിനായി www.sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാര്‍ഡ് സ്ഥാനമാറ്റത്തിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. എന്നാല്‍, വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം, അതിന്റെ പ്രിന്റ് ഔട്ട് നേരിട്ടോ തപാല്‍ വഴിയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോഴിക്കോട് കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍. പ്രവാസി വോട്ടര്‍മാര്‍ ഫോം 4 എ-യില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്ന മുറയ്ക്ക് അവര്‍ക്കായി പ്രത്യേക വോട്ടര്‍പട്ടിക തയാറാക്കും. ഓഗസ്റ്റ് 19നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ ജനപ്രതിനിധികളുടെ അയോഗ്യത, രാജി, മരണം എന്നിവയെത്തുടര്‍ന്നുള്ള ആകസ്മിക ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
© Copyright - MTV News Kerala 2021





View Comments (0)