
ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ വില.കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോൾ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്. ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന പഞ്ചസാരക്കാണ് ഇപ്പോൾ വില കൂടിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന പഞ്ചസാരക്ക് പൊതുവേ തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ വില കുറവാണ്. ഇ 20 പെട്രോളിനായി എഥനോൾ ഉത്പാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.എഥനോൾ നിർമിക്കുന്നത് തന്നെ കരിമ്പിൽ നിന്നാണ്. പഞ്ചസാര ഉത്പാദിപ്പിക്കുന്നതിന്റെ പ്രധാന അസംസ്കൃതവസ്തുവും കരിമ്പാണ്. കേന്ദ്രസർക്കാരിന്റെ നയം അനുസരിച്ച് പെട്രോൾ ആവശ്യത്തിന് വേണ്ടിയുള്ള എഥനോൾ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കണം എന്നാണ്. അതിനാൽ സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന കരിമ്പ് എഥനോൾ ഉല്പാദനത്തിനായി ഉപയോഗിക്കുകയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ കരിമ്പ് വിളവെടുപ്പ് സീസൺ അല്ല. ശേഖരിച്ചു വച്ചിരിക്കുന്ന കരിമ്പാണ് ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. ഇതു മൂലമാണ് പഞ്ചസാരയുടെ വില കൂടുന്നത്. അടുത്ത ഏഴുമാസം പഞ്ചസാരയുടെ വില കുറയില്ല എന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ചായയ്ക്കും പല പല ഭാരങ്ങൾക്കും വില കൂടാനും സാധ്യതയുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)