
മാവേലി സ്റ്റോറുകളുടെ നവീകരണവും ഓണവിപണി ഇടപെടലും ഊർജ്ജിതമാക്കും: മന്ത്രി അനൂപ് ജേക്കബ്
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായും 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ ആദ്യ സ്റ്റോർ സെപ്റ്റംബർ മാസത്തിൽ എറണാകുളം വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കും.കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) മാത്തോട്ടം മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോറാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിപണിയിലെ വിലവ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിനും പൊതുവിതരണ ശൃംഖലയുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്.വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നതിനായി ഓണം ഫെയറുകൾ ഇത്തവണ നേരത്തെ ആരംഭിക്കും. ഓഗസ്റ്റ് 8-ന് സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് വച്ച് മുഖ്യമന്ത്രി നിർവ്വഹിക്കും. കോഴിക്കോട് ഉൾപ്പെടെ മൂന്ന് പ്രധാന മെട്രോ നഗരങ്ങളിൽ ട്രേഡ് ഫെയറുകളും ഓഗസ്റ്റ് 12 മുതൽ ജില്ലാതല ഓണം ഫെയറുകളും നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തിൽ നൽകേണ്ട സബ്സിഡി ഉൽപ്പന്നങ്ങളുടെ അലോട്ട്മെന്റ് ഓഗസ്റ്റ് മാസത്തിൽ തന്നെ ലഭ്യമാക്കി വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ എത്തിക്കും. പൊതുവിപണിയിൽ അരിയുടെ ലഭ്യത ഉറപ്പുവരുത്താൻ 1,65,000 മെട്രിക് ടൺ അരി ഈ ഓഗസ്റ്റ് മാസത്തിൽ സബ്സിഡി നിരക്കിൽ പൊതുവിപണി വഴി വിതരണം ചെയ്യും. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഒരു തരത്തിലും ജനക്ഷേമ പ്രവർത്തനങ്ങളെയോ സബ്സിഡി വിതരണത്തെയോ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിപണന ശൃംഖലകളിലൊന്നായ സപ്ലൈകോയുടെ 1,600-ഓളം ഔട്ട്ലെറ്റുകൾ വഴി പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജി നടപ്പിലാക്കും. സബ്സിഡിയിതര ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിച്ചും പരസ്യ വരുമാനം കണ്ടെത്തിയും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കും. ഇതിലൂടെ കണ്ടെത്തുന്ന അധിക വരുമാനം ജനങ്ങൾക്ക് കൂടുതൽ സബ്സിഡി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. രാജീവ്ആദ്യവിൽപ്പന നിർവഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.സപ്ലൈകോ കോഴിക്കോട് റീജ്യനൽ മാനേജർ ഷെൽജി ജോർജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ പ്രജുല എം.എം. നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)