
ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ കേരളത്തിലെ റെയിൽവേ ട്രാക്കുകൾക്ക് ഇരുവശവും സുരക്ഷാ വേലി നിർമിക്കാൻ ദക്ഷിണ റെയിൽവേ
ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ കേരളത്തിലെ റെയിൽവേ ട്രാക്കുകൾക്ക് ഇരുവശങ്ങളിലും സുരക്ഷാ വേലി നിർമിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതി. വടക്കൻ കേരളത്തിലെ രണ്ട് പ്രധാന റെയിൽ സെക്ഷനുകളിലായി ആകെ 150 കിലോമീറ്റർ ദൂരത്തിലാണ് സുരക്ഷാ വേലി നിർമിക്കുന്നത്.പയ്യന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന പഴയങ്ങാടി–ബേക്കൽ ഫോർട്ട്, കൊയിലാണ്ടി–തലശേരി സെക്ഷനുകളിലാണ് പദ്ധതിയുടെ ഭാഗമായി ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി സ്ഥാപിക്കുക. ട്രാക്കിനും സമീപ പ്രദേശങ്ങൾക്കും ഇടയിൽ തടസ്സം സൃഷ്ടിച്ച് ആളുകളും മൃഗങ്ങളും ട്രാക്കിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം.ഇതിലൂടെ ട്രെയിൻ സർവീസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഭാവിയിൽ ട്രെയിനുകളുടെ വേഗത ഉയർത്തുന്നതിനും സഹായകമാകുമെന്നാണ് ദക്ഷിണ റെയിൽവേയുടെ വിലയിരുത്തൽ. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സർവീസ് നടത്തുന്നതിനെക്കുറിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ടെൻഡറിൽ പരാമർശിക്കുന്ന കൊയിലാണ്ടി–തലശേരി സെക്ഷനിൽ സുരക്ഷാ വേലി വരുന്നത് പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ പഴയങ്ങാടി–ബേക്കൽ ഫോർട്ട് സെക്ഷനിലാണ് നിർമാണം ആരംഭിക്കുക. ഇവിടെ 70 കിലോമീറ്റർ സുരക്ഷാ വേലിയും 7.4 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമിക്കാനാണ് പദ്ധതി. ഇതിനായി ഏകദേശം 45.63 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 12 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് ദക്ഷിണ റെയിൽവേയുടെ പ്രതീക്ഷ.രണ്ടാം ഘട്ടത്തിൽ കൊയിലാണ്ടി–തലശേരി സെക്ഷനിൽ 80 കിലോമീറ്റർ സുരക്ഷാ വേലിയും 0.7 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമിക്കും. പദ്ധതിക്ക് ഏകദേശം 42.01 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതും 12 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സുരക്ഷാ വേലിക്കായി ഡബ്ല്യൂ-ബീം സ്റ്റീൽ ബാരിയറുകളും സംരക്ഷണ ഭിത്തിക്കായി പ്രീ-സ്ട്രെസ്ഡ് പ്രീകാസ്റ്റ് പാനലുകളും പ്രീകാസ്റ്റ് കോളങ്ങളും ഉപയോഗിക്കും.
© Copyright - MTV News Kerala 2021





View Comments (0)