വിദ്യാലയങ്ങളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ആരംഭിക്കും -മന്ത്രി ടി സിദ്ദിഖ്

MTV News 0
Share:

 

വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോണ്‍ക്ലേവ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന കതിര് പദ്ധതി ആദ്യവര്‍ഷം 500 സ്‌കൂളുകളില്‍ ആരംഭിക്കും. പിന്നീട് മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡല്‍ അധ്യാപകര്‍, ബാക്ക് അപ് ടീം, 10,000 രൂപ സീഡിങ് മണി എന്നിവ ഏര്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ‘വനിത സഖി’ എന്ന പേരില്‍ വനിത കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.  2020ല്‍ ആരംഭിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നത്, പാക്കിങ്, വിപണനം, കയറ്റുമതി എന്നിവ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന നിര്‍ണായക നിധിയായി എ.ഐ.എഫ് മാറിക്കഴിഞ്ഞു. എ.ഐ.എഫ് പൂര്‍ണ തോതില്‍ വിനിയോഗിക്കാനും കൂടുതല്‍ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കവും വരള്‍ച്ചയുമുള്‍പ്പെടെ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തുടര്‍നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് താങ്ങാകാനുമായി സഹകരണ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.