കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വഴികാട്ടിയായി എ.ഐ.എഫ് സംസ്ഥാന കോണ്‍ക്ലേവ്

MTV News 0
Share:

 

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയുടെ സാധ്യതകളില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വഴികാട്ടിയായി
കൃഷിവകുപ്പ് സംഘടിപ്പിച്ച എ.ഐ.എഫ് സംസ്ഥാന കോണ്‍ക്ലേവ്. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ കര്‍ഷകര്‍ക്കാവശ്യമായ വായ്പാ സൗകര്യങ്ങള്‍, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ വിശദീകരണം നല്‍കി. സംരംഭകരുടെയും കര്‍ഷകരുടെയും സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് നല്‍കി.സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കോവൂര്‍ പി കൃഷ്ണപിള്ള മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന കോണ്‍ക്ലേവിലെ സാങ്കേതിക സെഷനില്‍ കൃഷിവകുപ്പ്, കേര, എസ്.എം.എ.എം, എ.പി.ഇ.ഡി.എ, ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ്, വിവിധ ബാങ്കുകള്‍, എ.ഐ.എഫ്-പി.എം.യു എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകര്‍, ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു. പദ്ധതിയുടെ ധനസഹായം, അപേക്ഷാ നടപടിക്രമങ്ങള്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളുകളില്‍നിന്ന് ലഭ്യമാക്കി.കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിയുടെ പ്രയോജനങ്ങള്‍ കൂടുതല്‍ കര്‍ഷകരിലേക്കും കാര്‍ഷിക സംരംഭകരിലേക്കും എത്തിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധന, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ കര്‍ഷകര്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക സംരംഭകര്‍, ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.