
നേപ്പാളിൽ കുടുങ്ങിയ 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു; സുരക്ഷിതരെന്ന് നോർക്ക
നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന 53 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും ഇവർ സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘം ചിത്‌വാൻ ജില്ലയിലെ ഹോട്ടലിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്.നേപ്പാളിൽ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക എന്നിവയുടെ നേതൃത്വത്തിൽ ഏകോപിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽനിന്ന് പോയ മലയാളികളെക്കുറിച്ച് 17 ഇടങ്ങളിൽനിന്നാണ് കഴിഞ്ഞ മണിക്കൂറുകളിൽ വിവരങ്ങൾ ലഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ ഇപ്പോഴും പ്രളയബാധിത മേഖലകളിലുണ്ടെന്നാണ് വിവരം. ഇവരുമായി സർക്കാർ പ്രതിനിധികൾ ആശയവിനിമയം നടത്തുന്നുണ്ട്. ഉടൻ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിഇഒ വ്യക്തമാക്കി.കേരളത്തിൽനിന്ന് നേപ്പാളിലേക്ക് പോയ മുഴുവൻ മലയാളികളുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും തുടരുകയാണ്. എറണാകുളത്തെ ട്രാവൽ ഏജൻസി മുഖേന പോയ റിട്ടയേർഡ് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ 2.30ഓടെ ഹോട്ടലിൽ തിരിച്ചെത്തി.മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകൾ തുടരുകയാണ്. അതേസമയം, നേപ്പാളിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 കടന്നു. 300 ഇന്ത്യക്കാരുൾപ്പെടെ 1,200ഓളം പേരെ കാണാതായതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.പ്രളയബാധിതർക്കുള്ള സഹായവുമായി ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടു.
© Copyright - MTV News Kerala 2021





View Comments (0)