മൊബൈൽ റീചാർജിൽ പുതിയ മാറ്റം; ഡാറ്റയില്ലാത്ത പ്ലാനുകൾ നിർബന്ധമാക്കി ട്രായ്

MTV News 0
Share:

മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് ആശ്വാസമായി വോയ്സ്, എസ്‌എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ ചട്ടങ്ങൾ പുറത്തിറക്കി.പുതിയ ചട്ടപ്രകാരം ടെലികോം സേവനദാതാക്കൾ ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകൾക്ക് സമാനമായ വിവിധ വാലിഡിറ്റി കാലയളവുകളിൽ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന സ്പെഷ്യൽ ടാരിഫ് വൗച്ചറുകൾ (എസ്.ടി.വി) ലഭ്യമാക്കണം. 30 ദിവസമോ അതിൽ താഴെയോ ഉള്ള വാലിഡിറ്റി കാലയളവുകൾക്കും അനുയോജ്യമായ പ്ലാനുകൾ നൽകണം.കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്–എസ്എംഎസ് പ്ലാനും ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം. ഡാറ്റ സേവനം ഒഴിവാക്കുന്നതിനനുസരിച്ച് ഇത്തരം പ്ലാനുകളിൽ നിരക്കിളവും ഉറപ്പാക്കണമെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നു.2026 ഏപ്രിൽ 7ന് കരട് ഭേദഗതിയിൽ ട്രായ് പൊതുജനാഭിപ്രായം തേടിയിരുന്നു. 1,132 പ്രതികരണങ്ങൾ ലഭിച്ചതിന് പിന്നാലെ ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ചയും നടത്തി. ഇതിന് ശേഷമാണ് പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്.കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാൻ പുതിയ സംവിധാനം കൂടുതൽ അവസരം നൽകുമെന്ന് ട്രായ് വിലയിരുത്തുന്നു.മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർ, സാധാരണ ഉപയോക്താക്കൾ, അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകൾ വാങ്ങേണ്ടിവരുന്നത് അനാവശ്യ സാമ്പത്തിക ബാധ്യതയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2026 മാർച്ച് 11നായിരുന്നു അദ്ദേഹം വിഷയം ഉന്നയിച്ചത്.ഡാറ്റ ആവശ്യമില്ലാത്തവർക്ക് ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം നൽകാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ നിരക്കിലുള്ള വോയ്സ്–എസ്എംഎസ് പ്ലാനുകൾ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് ട്രായ് ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026 പുറത്തിറക്കിയത്.സാധാരണ മൊബൈൽ ഉപയോക്താക്കളുടെ അവകാശവും താൽപര്യവും സംരക്ഷിക്കുന്നതിനായി ലോക്സഭയിൽ ഉന്നയിച്ച ആവശ്യം നയപരമായ മാറ്റത്തിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും അനാവശ്യ ഡാറ്റാ ചെലവില്ലാതെ അടിസ്ഥാന മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉപഭോക്തൃ സൗഹൃദ ടെലികോം നയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.