മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

MTV News 0
Share:

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.നാളെ അഞ്ച് ജില്ലകള്‍ക്കും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.