
കുറ്റ്യാടി കായക്കൊടിയിലും അജ്ഞാത ജീവിയെ കണ്ടെന്ന് നാട്ടുകാർ; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിയിലും അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍. രാത്രി 10മണിയോടെയാണ് ജീവിയുടെ സാന്നിധ്യം മനസിലാക്കിയത്. പിന്നാലെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിവരെ നീണ്ട പരിശോധന 12 മണിയോടെ അവസാനിപ്പിച്ചു.ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കായക്കൊടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എഎം യുപി സ്‌കൂള്‍, കൂവക്കുന്ന് എല്‍പി സ്‌കൂള്‍ എന്നിവയ്ക്കും മദ്രസകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്നും തെരച്ചില്‍ നടത്തും. ജാഗ്രത പാലിക്കണമെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോഴിക്കോട് നാദാപുരത്ത് വന്യജീവിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ ആക്രമണത്തിന് ഇരയായ സാഹചര്യത്തില്‍ പുലിയാണ് നാട്ടിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ രണ്ട് ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വയോധികയ്ക്കും ചെറുമകനുമാണ് ആക്രമണത്തിന് ഇരയായത്. തെര്‍മല്‍ ഡ്രോണ്‍ അടക്കം എത്തിച്ച് കഴിഞ്ഞദിവസം നാദാപുരത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് നാദാപുരം കുമ്മംക്കോട് കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.ചൊവ്വാഴ്ച പ്രദേശവാസികള്‍ ആക്രമണത്തിന് ഇരയായ സ്ഥലത്തിന് സമീപത്തുള്ള വീടിന്റെ മുറ്റത്ത് കൂടി പുലി ചാടിക്കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആക്രമണത്തിന് ഇരയായ മുഹമ്മദ് സിനാന്റെ അയല്‍വാസി ഹക്കീമിന്റെ വീട്ട് മുറ്റത്ത് കൂടിയാണ് പുലി കടന്നുപോയത്. വിദ്യാര്‍ത്ഥിക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. പ്രദേശത്തിന് സമീപം വനങ്ങളും ഇല്ലാത്തതിനാലാണ് പുലിയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉണ്ടായത്.
© Copyright - MTV News Kerala 2021





View Comments (0)